
















ഇറാന്റെ തുടര്‍ച്ചയായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഇറാനുമായുള്ള നയതന്ത്ര ബന്ധം യുഎഇ അവസാനിപ്പിച്ചു. ടെഹ്റാനിലെ യുഎഇ എംബസി അടച്ചുപൂട്ടാനും അംബാസഡറെ അടിയന്തരമായി തിരിച്ചുവിളിക്കാനും യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഎഇയിലെ ജനവാസ കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളിലും ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
യുഎഇയിലെ ഇറാന്‍ അംബാസഡര്‍ റെസ അമേരിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണ് ഇറാന്‍ നടത്തിയതെന്ന് യുഎഇ വ്യക്തമാക്കി. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം നിരുത്തരവാദപരമായ നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീന്‍ അല്‍ മരാര്‍ പറഞ്ഞു.
യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 165 ബാലിസ്റ്റിക് മിസൈലുകളും 500-ലധികം ഡ്രോണുകളുമാണ് ഇറാന്‍ വിക്ഷേപിച്ചത്. ഇതില്‍ ഭൂരിഭാഗവും യുഎഇയുടെ പ്രതിരോധ സംവിധാനം തകര്‍ത്തെങ്കിലും, അവശിഷ്ടങ്ങള്‍ വീണ് ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പാം ജുമൈറ, ബുര്‍ജ് അല്‍ അറബ് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തീപിടുത്തമുണ്ടായി. അബുദാബിയിലെ ഇസ്രായേല്‍ എംബസി ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തിന് നേരെയും ആക്രമണമുണ്ടായി. പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പേര്‍ ഉള്‍പ്പെടെ ആകെ നാല് പേര്‍ കൊല്ലപ്പെട്ടു.