
















നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരവെ കണ്ണൂരിനെ കുറിച്ച് വൈകാരിക കുറിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.
കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്....
കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ ഞാന്‍ മുന്നില്‍ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികര്‍ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല.
ഞാന്‍ ഉണരുമ്പോള്‍ എന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്‍കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്. ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്. കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്ക്കും.
എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടയില്‍ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാന്‍ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളര്‍ന്നവരും പ്രവര്‍ത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ കെ സുധാകരന് കടുത്ത അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അത് പരസ്യമാക്കും വിധമുള്ള അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ സുധാകരന്‍ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
കണ്ണൂരില്‍ മത്സരിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനത്തോട് ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട എന്ന താക്കീത് സണ്ണി ജോസഫ് നല്‍കിയിരുന്നു. കണ്ണൂരില്‍ മത്സരിക്കാനുള്ള തന്റെ താല്‍പര്യം സുധാകരന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരന്റെ സ്വയം സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടത്തിയത്.
അതേസമയം കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. ഒതുക്കാന്‍ ശഅരമിച്ചാല്‍ പ്രത്യാഘാതം ഉണ്ടാകും. കണ്ണൂരില്‍ ലീഡര്‍ കെ സുധാകരനെ മത്സരിപ്പിക്കുക എന്നിങ്ങനെ എഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്.