
















ബ്രിസ്റ്റള്‍ : അദ്വൈത ആര്‍ട്‌സും ഹെന്‍ ഗ്രോവ് മലയാളി കമ്മ്യൂണിറ്റിയും (HMC) ചേര്‍ന്ന് സംഘടിപ്പിച്ച ശ്രീരാഗം സീസണ്‍ 3 ഇന്ത്യന്‍ സാംസ്‌കാരികോത്സവത്തില്‍ ഗായകന്‍ പ്രമോദ് പിള്ളയ്ക്ക് പ്രഥമ ജി. ദേവരാജന്‍ പുരസ്‌കാരം സമ്മാനിച്ചു. പ്രശസ്ത കഥകളി നടനായ കലാമണ്ഡലം വിജയകുമാറും കഥകളി ചുട്ടി കലാകാരി കലാമണ്ഡലം ബാര്‍ബറയും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കിയത്. ചടങ്ങിനോടനുബന്ധിച്ച് സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ ഭാര്യ ലീലാമണി ദേവരാജന്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ അറിയിച്ചു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബാബു എബ്രഹാം രചിച്ച ''കമ്പിളി കണ്ടത്തെ കല്‍ഭരണികള്‍'' എന്ന ആത്മകഥാപരമായ കൃതിക്ക് അദ്വൈതയുടെ ആദ്യ ''അദ്വയ'' പുരസ്‌കാരം ലഭിച്ചു. എഴുത്തുകാരന് വേണ്ടി സഹോദരി ബിന്ദു എബ്രഹാം പുരസ്‌കാരം ഏറ്റുവാങ്ങി. ബ്രിസ്റ്റല്‍ സിറ്റി കൗണ്‍സിലിലെ മര്‍ലിന്‍ തോമസാണ് പുരസ്‌കാരം സമ്മാനിച്ചത്.

ഉദ്ഘാടനച്ചടങ്ങില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണല്‍ മാനേജര്‍ സൗഗത് ചൗധരി, ഹെന്‍ ഗ്രോവ് മലയാളി കമ്മ്യൂണിറ്റി ചെയര്‍മാന്‍ സുനില്‍ പൂവാടന്‍, ബ്രിസ്‌ക പ്രസിഡന്റ് ജൈമോന്‍ ജോര്‍ജ്, കോസ്മോപൊളിറ്റന്‍ ക്ലബ് പ്രസിഡന്റ് ജോസ് മാത്യു, ബുക്ക്ഷെല്‍ഫ് യു.കെ സ്ഥാപക മനുപ്രിയ സലില്‍ എന്നിവര്‍ പങ്കെടുത്തു.

ബ്രിസ്റ്റളിലെ നര്‍ത്തകി ഡാന്‍സ് അക്കാദമിയിലെ അപര്‍ണ്ണ പവിത്രനും ശ്രീപാര്‍വതിയും ചേര്‍ന്ന് അവതരിപ്പിച്ച ഭരതനാട്യം പരിപാടിക്ക് തുടക്കമിട്ടു.ഭരതനാട്യത്തിന്റെ ചടുലഭാവങ്ങളും ലയബദ്ധമായ നൃത്തച്ചുവടുകളും സമന്വയിപ്പിച്ച് അപര്‍ണ്ണ പവിത്രനും ശ്രീ പാര്‍വതിയും മനോഹരമായ നൃത്തം അവതരിപ്പിച്ചു. ശുദ്ധമായ അഭിനയം, ചിട്ടയാര്‍ന്ന, ലയസൗന്ദര്യത്തോടെ നിറഞ്ഞ ചുവടുകള്‍ എന്നിവ ചേര്‍ന്ന അവരുടെ പ്രകടനം വേദിയെ സജീവമാക്കി. ഭരതനാട്യത്തിന്റെ ഭംഗിയും നൃത്തശൈലിയിലെ ലാളിത്യവും ഒത്തുചേര്‍ന്ന ഈ അവതരണം പ്രേക്ഷകരുടെ ശ്രദ്ധയും പ്രശംസയും ഒരുപോലെ നേടി.
ആര്‍ട്‌സ് കൗണ്‍സില്‍ ഇംഗ്ലണ്ടിന്റെ സഹകരണത്തോടെ കലാചേതന അവതരിപ്പിച്ച കഥകളി അവതരണം ശ്രദ്ധേയമായി. പതിവ് കഥകളില്‍ നിന്ന് വിഭിന്നമായി പഹല്‍ഗം ഭീകരആക്രമണത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ''ഒന്നു ചിരിക്കൂ, ഒരിക്കല്‍ കൂടി'' എന്ന കഥകളി ഏകാങ്കം കലാമണ്ഡലം വിജയകുമാര്‍ രചിച്ച് അവതരിപ്പിച്ചു. കഥകളിയുടെ മേക്കപ്പ് നിര്‍വഹിച്ചത് കലാമണ്ഡലം ബാര്‍ബറയാണ്.വയലാറിന്റെയും, പി ഭാസ്‌കരന്റെയും, രചനയില്‍ ദേവരാജന്‍ മാസ്റ്റര്‍ ഈണം ഇട്ട നിരവധി ഗാനങ്ങള്‍ പദങ്ങളായി ഈ നൂതന കഥകളി അവതരണത്തിന് മിഴിവേകി.
പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളി അവതരിപ്പിച്ച വിന്റര്‍ മെലഡീസ് സംഗീതാവിഷ്‌കാരവും ശ്രദ്ധ നേടി. ബിബി കുര്യന്‍ (റിതം), കലാഭവന്‍ ആനന്ദ് (തബല), ഗോപു നായര്‍ (കീബോര്‍ഡ്), ജോഷി (ഗിറ്റാര്‍), സന്തോഷ് ജേക്കബ് പുത്തെറ്റ് (ഹാര്‍മോണിയം) എന്നിവര്‍ അകമ്പടിയൊരുക്കി.
ഗസല്‍ പോലെ..... പ്രമോദ് പിള്ള, സുന്ദീപ് കുമാര്‍, അനു ചന്ദ്ര എന്നിവര്‍ അവതരിപ്പിച്ച ഗസല്‍ ഭാവമുള്ള ചലച്ചിത്ര ഗാനങ്ങളും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ സിനിമാജീവിതത്തിന്റെ അന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്നതിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ സിനിമകളിലെ തിരഞ്ഞെടുത്ത ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനമാലികയും അരങ്ങേറി. രാജേഷ് കര്‍ത്ത, സഞ്ജീവ്, സുന്ദീപ് കുമാര്‍, പ്രമോദ് പിള്ള, അനു ചന്ദ്ര, രാധാകൃഷ്ണന്‍, സന്തോഷ്എ ജേക്കബ് പുത്തെറ്റ് തുടങ്ങിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.
പരിപാടിയോടനുബന്ധിച്ച് ബുക്ക്ഷെല്‍ഫ് യു.കെ ഒരുക്കിയ പുസ്തകമേള, താമര സംഘടിപ്പിച്ച ഇന്ത്യന്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനം, ബ്രിസ്റ്റളിലെ സല്‍ക്കാര റെസ്റ്റോറന്റ് ഒരുക്കിയ കേരള ഭക്ഷണശാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (യു.കെ)യുടെ ബാങ്കിംഗ് കൗണ്ടര്‍ എന്നിവയും ശ്രദ്ധേയമായി.
2023-ല്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ പത്മശ്രീ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി ആയിരുന്നു ശ്രീരാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് നവരാത്രിയോടനുബന്ധിച്ച് ആര്‍. എല്‍. വി ജോസ് ജെയിംസ് അവതരിപ്പിച്ച സംഗീതകച്ചേരിയും, 2024-ല്‍ കലാചേതന കഥകളി കമ്പനിയുടെ നേതൃത്വത്തില്‍ ''ദക്ഷയാഗം'' കഥകളിയും അരങ്ങേറി.