
















ബ്രിട്ടന്‍ വെളുപ്പിന് 1 മണിയോടെ സമയക്രമം തിരുത്തി ഒരു മണിക്കൂര്‍ മുന്നിലേക്ക് നീങ്ങി. ഉറങ്ങാന്‍ കിട്ടിയ സമയം കുറഞ്ഞ് പോയെന്ന തോന്നല്‍ ഉണ്ടായാല്‍ അതില്‍ അത്ഭുതം വേണ്ട. ബ്രിട്ടീഷ് സമ്മര്‍ ടൈമിലേക്ക് മാറുന്ന മാര്‍ച്ച് മാസത്തിലെ അവസാന ഞായറാഴ്ചയാണ് ഇന്നെന്നതാണ് അതിനുള്ള കാരണം.
ബ്രിട്ടനിലെ ചരിത്രപ്രാധാന്യമുള്ള ടൈംപീസുകളില്‍ വോളണ്ടിയര്‍മാര്‍ അര്‍ദ്ധരാത്രിയോടെ സമയമാറ്റം നടപ്പിലാക്കി. നീളമേറിയ വൈകുന്നേരങ്ങളും, ഇരുട്ട് കൂടി രാവിലെകളുമാണ് സമയമാറ്റത്തോടെ രാജ്യത്ത് ദൃശ്യമാകുക.
മാര്‍ച്ചിലെ അവസാന ഞായറാഴ്ച പുലര്‍ച്ചെ 1 മണിക്കാണ് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നിലേക്ക് നീക്കുന്നത്. ഗ്രീന്‍വിച്ച് മീന്‍ ടൈമില്‍ നിന്നും ബ്രിട്ടീഷ് സമ്മര്‍ ടൈമിലേക്കുള്ള മാറ്റം കൂടിയാണിത്. സ്റ്റാന്‍ഡേര്‍ഡ് ടൈമില്‍ നിന്നും ഡേലൈറ്റ് സേവിംഗ് ടൈമിലേക്കുള്ള മാറ്റം നടക്കുന്നതിന് പിന്നില്‍ പ്രകൃതിയിലെ മാറ്റങ്ങളാണ് അടിസ്ഥാനം.
തണുപ്പ് കാലത്തിന് വിരുദ്ധമായി സമ്മറില്‍ സൂര്യോദയവും, അസ്തമയവും ഒരു മണിക്കൂര്‍ വൈകിയാണ് എത്തുക. ഇതോടെ രാവിലെ ഇരുട്ട് കൂടുതല്‍ നില്‍ക്കുകയും, വൈകുന്നേരങ്ങളില്‍ പ്രകാശം കൂടുതല്‍ ലഭിക്കുകയും ചെയ്യും. ഈ വെളിച്ചം ഉപയോഗപ്പെടുത്താനാണ് ബ്രിട്ടനില്‍ രണ്ട് സമയക്രമങ്ങള്‍ പാലിക്കുന്നത്.
ജൂണ്‍ മാസത്തിലേക്ക് എത്തുമ്പോള്‍ യുകെ പൗരന്‍മാര്‍ക്ക് 16 മണിക്കൂറിലേറെ പകല്‍ വെളിച്ചം ലഭിക്കും. സൂര്യോദയം രാവിലെ 5ന് തുടങ്ങി, അസ്തമയം രാത്രി 9 മണിയോടെ സംഭവിക്കുന്നതാണ് ഇതിന് കാരണം. 1916-ല്‍ നടപ്പാക്കിയ സമ്മര്‍ ടൈം ആക്ട് വഴിയാണ് ഈ സമയക്രമം നിലവിലെത്തിയത്.