
















പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളും ഫലം കാണാതെ വന്നതോടെ അടുത്ത ആഴ്ചയിലെ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍. സമരങ്ങളിലേക്ക് പോകുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ വിനാശകരമായ തീരുമാനത്തെ കീര്‍ സ്റ്റാര്‍മര്‍ അപലപിച്ചു.
സമരം പിന്‍വലിക്കാന്‍ 48 മണിക്കൂര്‍ സമയപരിധി അനുവദിച്ച പ്രധാനമന്ത്രി, തീരുമാനം വിപരീതമായാല്‍ മെച്ചപ്പെടുത്തിയ പേ ഡീല്‍ നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന രീതിയിലാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ നീക്കം.
ചില ഡോക്ടര്‍മാര്‍ക്ക് 100,000 പൗണ്ടിലേറെ വരുമാനം ലഭിക്കുമെന്ന സ്ഥിതിയുള്ളപ്പോഴാണ് തങ്ങള്‍ ആവശ്യപ്പെട്ട 26 ശതമാനം വര്‍ദ്ധനവ് ഉന്നയിച്ച് മുന്നോട്ട് പോകാന്‍ ബിഎംഎ തീരുമാനിച്ചത്. ഏപ്രില്‍ 7 മുതല്‍ ആറ് ദിവസത്തേക്കാണ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ഏപ്രില്‍ 13 വരെ സമരം തുടരുന്നതിനാല്‍ ഈസ്റ്റര്‍ വീക്കെന്‍ഡിന് ശേഷം രോഗികള്‍ക്ക് സാരമായ തടസ്സങ്ങളും നേരിടും. 
ഇത് 15-ാം തവണയാണ് ഇവര്‍ സമരങ്ങള്‍ക്ക് ഇറങ്ങുന്നത്. തീരുമാനം നിരാശാജനകമാണെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. 'ബിഎംഎ സമരങ്ങളുമായി മുന്നോട്ട് പോകുന്നത് നിരാശ നല്‍കുന്നു. എന്‍എച്ച്എസിനെ സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും ഇത് നടപ്പായില്ല. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് മികച്ച വരുമാനവും, കരിയര്‍ മുന്നേറ്റവും, തൊഴില്‍ജീവിതവും നല്‍കാനാണ് ഗവണ്‍മെന്റ് ഓഫര്‍ നല്‍കിയത്', വക്താവ് പറഞ്ഞു.
പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമായതോടെ ആയിരക്കണക്കിന് അധിക ട്രെയിനിംഗ് പ്ലേസുകള്‍ നല്‍കുമെന്ന വാഗ്ദാനവും ഇല്ലാതാകും. റസിഡന്റ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കാത്തതിനാല്‍ ഇനി ഓഫറും ഉണ്ടാകില്ല. ഇനി രോഗികളെയും, ജീവനക്കാരെയും, എന്‍എച്ച്എസിനെയും സംരക്ഷിക്കാനുള്ള നടപടികളിലാണ് ശ്രദ്ധ, വക്താവ് കൂട്ടിച്ചേര്‍ത്തു.