
















നാസികിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഓഫീസിലെ അതിക്രമങ്ങള്‍ പുറംലോകം അറിഞ്ഞതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജീവനക്കാരന്‍. നമസ്‌കരിക്കാനും കലിമ ചൊല്ലാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നെന്നും വളരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ജീവനക്കാരന്‍ വെളിപ്പെടുത്തി. തൗസീഫ് അട്ടാര്‍, സഹപ്രവര്‍ത്തകനായ ഡാനിഷ് ഷെയ്ഖ് എന്നിവര്‍ക്കെതിരെയാണ് ജീവനക്കാരന്റൈ ആരോപണം.
'നമസ്‌കരിക്കാന്‍ നിര്‍ബന്ധിച്ചു. കലിമ ചൊല്ലാനും തലയില്‍ നിസ്‌കാര തൊപ്പി വയ്ക്കാനും നിര്‍ബന്ധിച്ചു. കുഞ്ഞുങ്ങള്‍ വേണമെങ്കില്‍ ഭാര്യയെ തന്റെ അടുത്തേക്ക് അയയ്ക്കൂവെന്ന് പറഞ്ഞിട്ടുണ്ട്. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ടേബിള്‍ ഫാനെടുത്ത് എനിക്ക് നേരെ എറിഞ്ഞു. 2022-ല്‍ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഉപദ്രവം ആരംഭിച്ചിരുന്നു. അധികാരസ്ഥാനം ഉപയോഗിച്ച് കൂടുതല്‍ ജോലികള്‍ ചെയ്യിപ്പിച്ചിരുന്നു. മറ്റ് ജീവനക്കാരുടെ അസൈന്‍മെന്റുകള്‍ ഉള്‍പ്പെടെയുള്ള അമിത ജോലികള്‍ നല്‍കിയിരുന്നു. ഇസ്ലാമിക ആചാരങ്ങള്‍ പിന്തുടരാന്‍ സമ്മര്‍ദ്ദം ചൊലത്തും. വാക്കാല്‍ മാത്രമല്ല, പ്രവര്‍ത്തിയിലും ഉപദ്രവം ഉണ്ടായിരുന്നുവെന്നും' യുവാവ് പറഞ്ഞു.
'സസ്യാഹാരിയായ എന്നെ കൊണ്ട് മാംസാഹാരം നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചു. 2023-ലെ ഈദ് സമയത്ത് തൗസീഫ് അട്ടാര്‍ തന്നെ വീട്ടിലേക്ക് കൊണ്ടുപോയി നിസ്‌കാരം ചെയ്യിപ്പിച്ചു. തുടര്‍ന്ന് അതിന്റെ ചിത്രങ്ങള്‍ എടുത്ത് കമ്പനി ഗ്രൂപ്പില്‍ പങ്കുവെച്ച് അപമാനിച്ചതായും' യുവാവ് ആരോപിച്ചു.
ടിസിഎസിലെ ജീവനക്കാരിയായ 23 കാരിയും ഡാനിഷ് ഷെയ്ഖിനെതിരെ ?ഗുരുതര ആരോപണം ഉയര്‍ത്തിയിരുന്നു. ഡാനിഷ് ഷെയ്ഖ് തനിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപിച്ചിരുന്നു. തൗസീഫ് അട്ടാര്‍, എച്ച്ആര്‍ എക്‌സിക്യൂട്ടീവായ നീദ ഖാന്‍ എന്നിവര്‍ മതവിശ്വാസങ്ങളെ അപമാനിക്കുകയും മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.