
















ചിറയിന്‍കീഴില്‍ എട്ട് വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട്. പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിക്കാന്‍ ആയില്ലെന്നാണ് വിശദീകരണം. രക്ത പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശുപത്രിയില്‍ ആന്റിവെനം ഇല്ലെന്ന കുടുംബത്തിന്റെ ആരോപണവും സൂപ്രണ്ട് തള്ളി. ആശുപത്രിയില്‍ ആന്റിവെനം 27 വയല്‍ സ്റ്റോക്ക് ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡിഎംഒയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂപ്രണ്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ പാമ്പ് കടിയേറ്റ് മരിച്ചത്. പിന്നാലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. കുഞ്ഞിന് വയ്യെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ദിലീപ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഡോക്ടര്‍ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്നും നേഴ്‌സ് മാത്രമാണ് തട്ടി നോക്കിയതെന്നും ദിലീപ് പറഞ്ഞു.
'രാവിലെ രണ്ടരയോടെയാണ് സംഭവം. എന്തോ കടിച്ചു എന്നു പറഞ്ഞ് കുഞ്ഞ് നിലവിളിക്കുകയായിരുന്നു. കാലില്‍ ചെറിയൊരു പാട് മാത്രമാണ് ഉണ്ടായിരുന്നത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുമ്പോഴും കുഞ്ഞിന് പ്രശ്‌നം ഉണ്ടായിരുന്നില്ല. സൂചി കണ്ട് പെട്ടെന്ന് പേടിച്ച് നിലവിളിച്ചു. പിന്നീടാണ് ഛര്‍ദ്ദിക്കാന്‍ വന്നതും വയ്യാതായതും. അവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വരുന്ന വഴിയില്‍ തന്നെ അനക്കം ഇല്ലാതായി. അമ്മയോടൊപ്പം നിലത്തായിരുന്നു കുഞ്ഞ് കിടന്നിരുന്നത്', ദിലീപ് പറഞ്ഞു.
കൃത്യമായ ചികിത്സ ലഭിച്ചിരിക്കുന്നങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്ന് അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കീര്‍ത്തി സൈജുവും പറഞ്ഞു. ആശുപത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞു.