
















വ്ളാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫെയ്സ്ബുക്കില്‍ പതിനൊന്നായിരത്തിലധികം ഫോളോവേഴ്സുള്ള അല്‍മയാണ് കൊല്ലപ്പെട്ടത്. ഒന്‍പത് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. എന്നാല്‍ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തതിനെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം കലഹങ്ങള്‍ പതിവായിരുന്നുവെന്ന് അല്‍മയെ കൊലപ്പെടുത്തിയ വിഷ്ണു പൊലീസിന് നല്‍കിയ മൊഴി.
ഇന്നലെ രാവിലെയും ഇതേ വിഷയത്തില്‍ വാക്കേറ്റമുണ്ടാകുകയും, ഇതില്‍ പ്രകോപിതനായാണ് വിഷ്ണു വെട്ടുകത്തിയെടുത്ത് അല്‍മയുടെ പിന്‍കഴുത്തിലും തലയിലും ക്രൂരമായി വെട്ടുകയുമായിരുന്നു.
നാട്ടുക്കാരുമായും അയല്‍ക്കാരുമായും അധികം അടുപ്പം പുലര്‍ത്താതിരുന്ന അല്‍മ, സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായിരുന്നു. പൂച്ചകളെ വളര്‍ത്തുന്നതിലും അവയുടെ വിശേഷങ്ങള്‍ വീഡിയോകളായി പങ്കുവെക്കുന്നതിലും പ്രത്യേക താല്പര്യമുണ്ടായിരുന്ന അല്‍മയ്ക്ക് ഫെയ്സ്ബുക്കില്‍ വലിയൊരു സുഹൃദ് വലയമുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും അല്‍മ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ അല്‍മയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് വിഷ്ണു പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയിരുന്നത്. ഫെയ്സ്ബുക്കില്‍ നിന്നും തനിക്ക് 'ടാലന്റ് ബാഡ്ജ്' ലഭിച്ചതിനെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ചുകൊണ്ടായിരുന്നു അല്‍മയുടെ അവസാന പോസ്റ്റ്.
വിഷ്ണുവിനെ പാറശാല പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പി.എസ്.എസി കോച്ചിങ് സെന്ററിലെ അധ്യാപകനാണ് വിഷ്ണു.