
















ഒഡിഷയില്‍ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ വയോധികന് സഹായവുമായി തടാഗം ഫൗണ്ടേഷന്‍. തൃശൂര്‍ വടക്കേക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തടാഗം ഫൗണ്ടേഷനാണ് ഒഡിഷ കിയോഞ്ജര്‍ ഡയാനാലി സ്വദേശി ജിതു മുണ്ടക്ക് സഹായവുമായി എത്തിയത്. ജിതുവിന് ഒരു ലക്ഷം രൂപ ഫൗണ്ടേഷന്‍ നല്‍കും. തടാഗം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം വി കുഞ്ഞുമുഹമ്മദ് ഹാജിയാണ് സഹായം പ്രഖ്യാപിച്ചത്.
മനുഷ്യരുടെ വേദനകള്‍ക്കും സങ്കടങ്ങള്‍ക്കും ഭാഷ-ദേശ വ്യത്യാസമില്ലെന്ന് കുഞ്ഞുമുഹമ്മദ് പറഞ്ഞു. സഹജീവികളുടെ വേദനകള്‍ തിരിച്ചറിഞ്ഞ് ആശ്വാസം നല്‍കുമ്പോഴാണ് മനുഷ്യത്വം അര്‍ത്ഥവത്താകുന്നതെന്നും അതിന്റെ ഭാഗമായാണ് ഈ പിന്തുണയെന്നും എം വി കുഞ്ഞുമുഹമ്മദ് ഹാജി കൂട്ടിച്ചേര്‍ത്തു.
മരിച്ചുപോയ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ ജിതു മുണ്ടയുടെ ദൃശ്യം വിവാദമായിരുന്നു. പൊരിവെയിലില്‍ മൂന്ന് കിലോമീറ്ററോളം ചുമലില്‍ താങ്ങിയാണ് അസ്ഥികൂടവുമായി ജിതു മുണ്ട മല്ലിപാസിയിലെ ഒഡിഷ ഗ്രാമീണ ബാങ്കിലെത്തിയത്. രണ്ട് മാസം മുമ്പാണ് അദ്ദേഹത്തിന്റെ സഹോദരി കാക്ര മുണ്ട മരിച്ചത്. സഹോദരിയുടെ ബാങ്ക് അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്ന തുക പിന്‍വലിക്കാന്‍ എത്തിയ ജിതു മുണ്ടയ്ക്ക് പണം നല്‍കാന്‍ അധികൃതര്‍ ഉപാധികള്‍ വച്ചതോടെയാണ് മറ്റ് മാര്‍ഗമില്ലാതെ അദ്ദേഹം അസ്ഥികൂടവും ചുമന്നെത്തിയത്.
കാക്രയുടെ മകനും ഭര്‍ത്താവും മുമ്പേ തന്ന മരിച്ചിരുന്നു. ആകെ ഉണ്ടായിരുന്ന ബന്ധു സഹോദരനായ ജിതുവാണ്. സഹോദരിയുടെ പണം പിന്‍വലിക്കാന്‍ എത്തിയ വൃദ്ധനോട് ഒന്നുകില്‍ അക്കൗണ്ട് ഉടമ നേരിട്ട് വരണം അല്ലെങ്കില്‍ പണത്തിന്റെ അവകാശം തെളിയിക്കുന്ന രേഖകള്‍ വേണമെന്ന് ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടു.
ഗോത്ര വിഭാഗത്തില്‍പ്പെട്ട പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ജിതുവിന്റെ കൈയില്‍ കാക്രയുടെ മരണ സര്‍ട്ടിഫിക്കറ്റോ അവകാശം തെളിയിക്കുന്ന രേഖകളോ ഉണ്ടായിരുന്നില്ല. നിസഹായവസ്ഥയില്‍ എന്ത് ചെയ്യണമെന്ന് അറിയാതെയാണ് അദ്ദേഹം സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.
കാക്രയുടെ അസ്ഥികൂടം തുണിയില്‍ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം നടന്ന് വൃദ്ധന്‍ ബാങ്കിലെത്തിയ കാഴ്ച പലരെയും കണ്ണീരിലാഴ്ത്തിയിരുന്നു. അതേസമയം ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടിയില്‍ പലരും പ്രതിഷേധിക്കുകയും ചെയ്തു. ബാങ്കിന് പ്രദേശത്തെ സര്‍പഞ്ചുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തിയോ കാര്യങ്ങള്‍ ഗ്രഹിച്ച് അദ്ദേഹത്തെ സഹായിക്കാമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്.ഒടുവില്‍ പൊലീസ് സംഭവസ്ഥലത്തെത്തിയാണ് സാഹചര്യം ശാന്തമാക്കിയത്.