CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 43 Seconds Ago
Breaking Now

വി ഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയില്‍ ആരെല്ലാമെന്ന് വൈകാതെ അറിയാം

രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് തന്നെ നല്‍കിയേക്കുമെന്നാണ് സൂചന.

വി ഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയില്‍ ആരെല്ലാമുണ്ടാകും?. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും കോണ്‍ഗ്രസിലും ഘടകകക്ഷികളിലും സീറ്റ് ഉറപ്പിച്ച ചിലര്‍ ഉണ്ട്. കോണ്‍ഗ്രസില്‍ ആറ് പേര്‍ ഏകദേശം സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍കുമാര്‍, എം ലിജു, പി സി വിഷ്ണുനാഥ് എന്നിവരാണവര്‍. ഇതില്‍ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് ഏകദേശം ഉറപ്പിച്ച മട്ടാണ്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തല ഉപാധിയെന്ന നിലയില്‍ മുന്നോട്ടുവെച്ചത് ആഭ്യന്തരമന്ത്രി സ്ഥാനമാണ്. രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് തന്നെ നല്‍കിയേക്കുമെന്നാണ് സൂചന. 

കോണ്‍ഗ്രസില്‍ മന്ത്രി പദവിക്ക് സാധ്യതയുള്ളത് ഒന്‍പത് പേരാണ്. ടി സിദ്ദിഖ്, ബിന്ദു കൃഷ്ണ, വി ടി ബല്‍റാം, ടി ജെ വിനോദ്, വി പി സജീന്ദ്രന്‍, ഷാനിമോള്‍ ഉസ്മാന്‍, അന്‍വര്‍ സാദത്ത്, കെ ജയന്ത് എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്. ഘടകകക്ഷികളില്‍ ആര്‍എസ്പിയും സിഎംപിയും മുസ്ലിം ലീഗും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. ആര്‍എസ്പിയില്‍ നിന്ന് ഷിബു ബേബി ജോണും സിഎംപിയില്‍ നിന്ന് സി പി ജോണും മന്ത്രിസഭയില്‍ ഉണ്ടാകും. അഞ്ച് മന്ത്രിമാര്‍ വേണമെന്ന ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ്. ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, കെ എം ഷാജി എന്നിവര്‍ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായം, ഐടി വകുപ്പുകള്‍ തന്നെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചേക്കുമെന്നാണ് സൂചന. പി കെ ബഷീറിന് പൊതുമരാമത്ത് വകുപ്പ് ലഭിച്ചേക്കുമെന്നാണ് വിവരം. എന്‍ ഷംസുദ്ദീന് ലഭിക്കാന്‍ സാധ്യത വിദ്യാഭ്യാസ വകുപ്പായിരിക്കും. കെ എം ഷാജിയായിരിക്കും തദ്ദേശ വകുപ്പ് കൈകാര്യം ചെയ്യുകയെന്നും സൂചനയുണ്ട്.

ലീഗില്‍ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ചാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്.ഇതിലും ഉടന്‍ തീരുമാനമുണ്ടായേക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.