
















കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം. ആസൂത്രിത കൊലപാതകമാണെന്നാണ് ആരോപണം ഉയരുന്നത്. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായും മകളുടെ ഭര്‍ത്താവ് രജിന്‍ലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും സോനയുടെ അമ്മ വസന്ത ആരോപിച്ചു. ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവത്തുംചാലില്‍ രജിന്‍ലാലിന്റെ ഭാര്യ സോനയാണ് കഴിഞ്ഞ ദിവസം തീപിടിത്തത്തില്‍ മരിച്ചത്.
കാര്‍ ഓടിച്ച ഭര്‍ത്താവ് രജിന്‍ലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞെങ്കിലും പിന്‍സീറ്റില്‍ കിടക്കുകയായിരുന്ന സോന വാതില്‍ ലോക്കായതിനാല്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. കാറിന്റെ ഉള്‍വശമാണ് പൂര്‍ണമായി കത്തിയത്. പിന്‍സീറ്റും മുന്‍ഭാഗവും കത്തി. എന്നാല്‍, ബോണറ്റിനുള്ളിലേക്ക് തീപടര്‍ന്നിട്ടില്ല. കാറിന്റെ ഉള്‍വശം മാത്രം കത്തിയത് ദുരൂഹത ഉണര്‍ത്തുന്നുവെന്നും, ആസൂത്രിത കൊലപാതകമെന്നുമാണ് സോനയുടെ കുടുംബത്തിന്റെ ആരോപണം.
മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായും, പല ദിവസങ്ങളിലും സോന പട്ടിണിയായിരുന്നെന്നും സോനയുടെ അമ്മയും വെളിപ്പെടുത്തി. റിജിന്‍ ലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും, ഇതറിഞ്ഞ സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുവായ യുവതിയും പറയുന്നു. ആത്മഹത്യ ചെയ്യാനായി വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പൊലീസ് ഇടപെട്ട് സോനയെ പിന്തിരിപ്പിക്കുകയായിരുന്നു എന്നുമാണ് വെളിപ്പെടുത്തല്‍.
സോനയുടെ കുടുംബവുമായി യാതൊരു ബന്ധവും പാടില്ലെന്ന് റിജിനും കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതുമൂലം കുടുംബങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും സോന ഗര്‍ഭിണിയായ ശേഷമാണ് ബന്ധുക്കളുമായി അടുത്തതെന്നും സോനയെ പരിചരിക്കാന്‍ കഴിയാതെ ബന്ധുക്കളുടെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നു എന്നും യുവതി പറഞ്ഞു. രണ്ട് മാസക്കാലം സോന അമ്മയുടെ കൂടെ പാലേരിയിലെ വീട്ടിലായിരുന്നു താമസം. ദിവസങ്ങള്‍ക്ക് മുമ്പാണ് റിജിന്‍ വന്ന് സോനയെ തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയത്. തീ പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കാറിനുള്ളിലെ വയറിങ്ങിനും, ഇന്ധന ടാങ്കിനും തകരാറുകളില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.