CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 36 Seconds Ago
Breaking Now

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തില്‍ ജീവനക്കാരുടെ കൂട്ടരാജി

കൂട്ടരാജിയെ തുടര്‍ന്ന് വ്യാഴാഴ്ച കാണിക്ക എണ്ണാനായി ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ, ക്ഷേത്രത്തില്‍ ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന ജീവനക്കാരില്‍ 25 പേര്‍ രാജി നല്‍കി. ഡ്യൂട്ടി സമയം കൂട്ടി, വേതനം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് ജീവനക്കാര്‍ രാജിവെച്ചത്. കാണിക്ക എണ്ണുന്നതിന് മേല്‍നോട്ടം വഹിക്കുന്ന എസ്ബിഐ ബ്രാഞ്ചിലാണ് രാജി നല്‍കിയത്.

ബുധനാഴ്ച വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ രണ്ട് ഡസനിലധികം ജീവനക്കാരാണ് പ്രതിഷേധമായെത്തി എസ്ബിഐ തുളസി ഉദ്യാന്‍ ബ്രാഞ്ചില്‍ മെമ്മോറാണ്ടത്തിനൊപ്പം രാജിക്കത്തും കൈമാറിയത്. രണ്ട് ഷിഫ്റ്റുകളില്‍ ഉണ്ടായിരുന്ന ജോലി നിലവില്‍ ഒരു ഷിഫ്റ്റാക്കി പരിമിതപ്പെടുത്തിയെന്നും ഡ്യൂട്ടി സമയം ആറില്‍നിന്ന് ഒന്‍പത് മണിക്കൂറായി ഉയര്‍ത്തിയെന്നും ജീവനക്കാര്‍ പറയുന്നു. പ്രതിമാസ ശമ്പളം കുറച്ചതായും ഒരേ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വ്യത്യസ്ത ശമ്പളമാണ് ലഭിക്കുന്നതെന്നും ജീവനക്കാര്‍ ആരോപിച്ചു. പ്രതിമാസ അവധികളുടെ എണ്ണം കുറച്ചതായും ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്.

കൂട്ടരാജിയെ തുടര്‍ന്ന് വ്യാഴാഴ്ച കാണിക്ക എണ്ണാനായി ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. അതേസമയം ജീവനക്കാരുടെ രാജിയെ തുടര്‍ന്ന് പുതിയ ജീവനക്കാരെ നിയമിക്കുന്ന നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.

സംഭാവനക്കൊള്ളയില്‍ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂട്ടരാജി എന്നതും ശ്രദ്ധേയമാണ്. നേരത്തെ എട്ടുപേര്‍ അറസ്റ്റിലാകുകയും ക്ഷേത്രത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ മുതിര്‍ന്ന ഭാരവാഹികള്‍ രാജിവെക്കുകയും ചെയ്തിരുന്നു. അതിനിടെ, പ്രതികള്‍ വ്യാജ വിഐപി പാസുകളും നിര്‍മ്മിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ ടിന്നു യാദവ് ആണ് ഡിജിറ്റല്‍ ഐഡി സംവിധാനം ദുരുപയോഗം ചെയ്ത് നൂറുകണക്കിന് വിഐപി പാസുകള്‍ നിര്‍മ്മിച്ചു പണം ഈടാക്കിയെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് പ്രമുഖരുടെ ഡിജിറ്റല്‍ ഐഡികള്‍ സസ്‌പെന്‍ഡ് ചെയ്തുവെന്ന വിവരമുണ്ട്. നേരത്തെ സംഭാവനകള്‍ക്ക് വ്യാജ രസീത് നല്‍കിയതായും കണ്ടെത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.