CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 2 Seconds Ago
Breaking Now

ഐ ഓ സി - യൂറോപ്പിന്റെ 'ഓര്‍മ്മകളില്‍ ഉമ്മന്‍ ചാണ്ടി'; ജനനായകന്റെ സ്മരണയില്‍ വികാരാര്‍ദ്രമായി അനുസ്മരണ ചടങ്ങ്, മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്തു

യൂറോപ്പ്: ജനസേവനത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മഹത്തായ മാതൃകയായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് ഐ ഓ സി - യൂറോപ്പ് സംഘടിപ്പിച്ച ''ഓര്‍മ്മകളില്‍ ഉമ്മന്‍ ചാണ്ടി'' എന്ന അനുസ്മരണ പരിപാടി വികാരാര്‍ദ്രമായി നടന്നു.

 

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജര്‍മ്മനി, യു കെ, അയര്‍ലണ്ട്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട്, മാള്‍ട്ട എന്നീ രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ (ZOOM) അനുസ്മരണ ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരും ഉമ്മന്‍ ചാണ്ടിയെ സ്‌നേഹിക്കുന്ന നിരവധി പേരും പങ്കെടുത്തു.

 

ഞായറാഴ്ച സംഘടിപ്പിച്ച ചടങ്ങ് ബഹു. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും ജനങ്ങള്‍ക്ക് പ്രചോദനമായിരിക്കുമെന്ന് മന്ത്രി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

 

ഉമ്മന്‍ ചാണ്ടിയുടെ പുത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. മറിയ ഉമ്മന്‍ ചടങ്ങില്‍ പങ്കെടുത്ത് പിതാവിന്റെ ജനസേവന പാരമ്പര്യവും ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും അനുസ്മരിച്ചു.

 

ഐ ഓ സി - യൂറോപ്പ് വൈസ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനറും ഐ ഓ സി ജര്‍മ്മനി കേരള ചാപ്റ്റര്‍ പ്രസിഡന്റുമായ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്ററും ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി.

 

ഐ ഓ സി വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, ഐ ഓ സി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അനുരാ മത്തായി, ഐ ഓ സി സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഐ ഓ സി അയര്‍ലണ്ട് പ്രസിഡന്റ് ലിങ്ക്വിന്‍സ്റ്റര്‍ മാത്യു, ഐ ഓ സി സ്വിറ്റ്‌സര്‍ലന്‍ഡ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ടോമി തോണ്ടംകുഴി, ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റുമാരായ സുജു കെ ഡാനിയേല്‍, ഷൈനു ക്ലെയര്‍ മാത്യൂസ്, ഐ ഓ സി അയര്‍ലണ്ട് കേരള ചാപ്റ്റര്‍ പ്രസിഡന്റ് സാഞ്ചോ മുളവരിക്കല്‍ തുടങ്ങി ഐ ഓ സി നേതാക്കന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

 

ചടങ്ങില്‍ പങ്കെടുത്തവര്‍ക്കിടയില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന പൊതുവികാരവും ശക്തമായി ഉയര്‍ന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി നല്‍കിയ ദീര്‍ഘവീക്ഷണപരമായ നേതൃത്വവും നിര്‍ണായക ഇടപെടലുകളും പരിഗണിച്ച്, അദ്ദേഹത്തിന്റെ സംഭാവനയ്ക്ക് അര്‍ഹമായ ആദരസൂചകമായി തുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന് വിവിധ വക്താക്കള്‍ അഭിപ്രായപ്പെട്ടു.

 

ജനങ്ങളോടൊപ്പം നിന്ന്, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി, രാഷ്ട്രീയത്തിന് മാനുഷിക മുഖം നല്‍കിയ അപൂര്‍വ ജനനായകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് ഐ ഓ സി - യൂറോപ്പിന്റെ മൂന്നാമത് ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടി സമാപിച്ചത്.

 

റോമി കുര്യാക്കോസ് 

 




കൂടുതല്‍വാര്‍ത്തകള്‍.