
















കോവിഡ് മഹാമാരിക്കാലത്ത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ ക്ഷാമം മുതലെടുത്ത് കോടിക്കണക്കിന് പൗണ്ടിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളെ യുകെ കോടതി കുറ്റക്കാരായി കണ്ടെത്തി. ജോഗേഷ് ഭണ്ഡാരി (59), ഭാര്യ മീനാക്ഷി ഭണ്ഡാരി (58), ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരനായ ക്രെയ്ഗ് മോറിസ് (43) എന്നിവരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ ഓഗസ്റ്റ് 21-ന് പ്രഖ്യാപിക്കും.
2020-21 കാലഘട്ടത്തില്‍ ലോകമെമ്പാടും പിപിഇ ഉപകരണങ്ങള്‍ക്ക് വന്‍ ആവശ്യകത ഉണ്ടായിരുന്ന സമയത്താണ് തട്ടിപ്പ് നടന്നത്. നൈട്രൈല്‍ ഗ്ലൗസുകള്‍ വിതരണം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ജോഗേഷ് ഭണ്ഡാരി വന്‍തോതില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയും ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ പണം കൈപ്പറ്റുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

വിശ്വാസ്യത നേടുന്നതിനായി 2020-ല്‍ സ്ഥാപിച്ച കമ്പനിയുടെ പേരില്‍ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകളും മറ്റ് സാമ്പത്തിക രേഖകളും തയ്യാറാക്കിയ ശേഷമാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 2020 നവംബറോടെ 12 ദശലക്ഷം ഗ്ലൗസുകളുടെ ഓര്‍ഡര്‍ ലഭിച്ചെങ്കിലും, പണം വാങ്ങിയിട്ടും ഒരു ഗ്ലൗസുപോലും വിതരണം ചെയ്തില്ല. പിന്നീട് യുകെയില്‍ മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള ഉപഭോക്താക്കളില്‍ നിന്നുമാണ് സമാന രീതിയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ കൈപ്പറ്റിയത്.
തട്ടിപ്പിലൂടെ ലഭിച്ച പണം ആദ്യം വ്യക്തിഗത കടങ്ങള്‍ തീര്‍ക്കാനാണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ആഡംബര ജീവിതത്തിനായി പോര്‍ഷെ, ഔഡി A5, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, ഫോക്സ്വാഗണ്‍ ഗോള്‍ഫ് തുടങ്ങിയ വാഹനങ്ങളും നിരവധി റോളക്സ് വാച്ചുകളും ആഭരണങ്ങളും വാങ്ങി. കൂടാതെ ആഡംബര റിസോര്‍ട്ടുകളില്‍ താമസിക്കാനും വീട് നവീകരിക്കാനും ഈ പണം വിനിയോഗിച്ചതായും കണ്ടെത്തി.
അന്വേഷണത്തിനിടെ പ്രതികളുടെ 47,000-ത്തിലധികം വാട്സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസ് വീണ്ടെടുത്തിരുന്നു. ഇവയാണ് തട്ടിപ്പിന്റെ ആസൂത്രണവും പണം ചെലവഴിച്ച രീതിയും തെളിയിക്കാന്‍ നിര്‍ണായക തെളിവുകളായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയതോടെ, കേസിലെ അന്തിമ ശിക്ഷാവിധി ഓഗസ്റ്റ് 21-ന് പ്രഖ്യാപിക്കും.