
















ജന്തര്‍ മന്തിറിലെ വിദ്യാര്‍ഥി പ്രതിഷേധ സ്ഥലത്തേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വിഗ്ഗി, സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം എത്തുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. എന്നാല്‍ നാഗാലാന്‍ഡില്‍ നിന്നും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഒരു വ്യക്തി നടത്തിയ ഭക്ഷണ ഓര്‍ഡര്‍ വിദ്യാര്‍ത്ഥികളെ അമ്പരപ്പിച്ചു. നീറ്റ് ക്രമക്കേടില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം ഓര്‍ഡര്‍ ചെയ്തത് 68,000 രൂപ വില വരുന്ന 150 പിസകള്‍! സംഭവത്തെ കുറിച്ച് പങ്കുവയ്ക്കപ്പെട്ടതോടെ സമൂഹ മാധ്യമങ്ങളിലും വൈറലായി.
പ്രതിഷേധ സ്ഥലത്ത് നേരിട്ട് എത്താന്‍ കഴിയാത്തതിലുള്ള വിഷമമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ഷാ ലൂവ് സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. ദൂരെയിരുന്നാലും സമരത്തിന് പിന്തുണ അറിയിക്കാനും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ചെറിയൊരു സഹായമെങ്കിലും നല്‍കാനുമാണ് ഭക്ഷണം എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' ഇന്ന് രാത്രി, പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ ദുഃഖത്തില്‍ എനിക്ക് അത്താഴം ആസ്വദിക്കാന്‍ കഴിഞ്ഞില്ല, എന്റെ സഹോദരീ സഹോദരന്മാര്‍ അവിടെ പട്ടിണി കിടക്കുകയാണ്. വീട്ടില്‍ നിന്ന് വളരെ അകലെയുള്ള ജന്തര്‍ മന്തറില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട ഭാവിക്കും ന്യായമായ വിദ്യാഭ്യാസ സമ്പ്രദായത്തിനും വേണ്ടി പോരാടുമ്പോള്‍ ഞാന്‍ ഇവിടെ നാഗാലാന്‍ഡില്‍ ഇരിക്കുകയാണ്. എനിക്ക് അവരോടൊപ്പം ഉണ്ടായിരിക്കാന്‍ കഴിഞ്ഞില്ല, അതിനാല്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞത് ഇതാണ്. ഞാന്‍ 150 ഡൊമിനോസ് ഫാംഹൗസ് ചീസ് ബര്‍സ്റ്റ് പിസ്സകള്‍ ഓര്‍ഡര്‍ ചെയ്തു, ഡെലിവറി പങ്കാളിയോട് ആള്‍ക്കൂട്ടത്തിലേക്ക് പോയി ഭക്ഷണം ആവശ്യമുള്ള ആര്‍ക്കും വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടു.' ഭക്ഷണ ഓര്‍ഡറിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് ഷാ ലൂവ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ എഴുതി. സമൂഹ മാധ്യമങ്ങളില്‍ നല്‍കിയത് പ്രകാരം ഷാ ഒരു കവി കൂടിയാണ്.