
















കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി അടക്കമുള്ള സംഘടനകള്‍ സമരം നടത്തുന്ന ജന്തര്‍ മന്തറിലേക്ക് വന്നത് അജ്ഞാതര്‍ ഓര്‍ഡര്‍ ചെയ്ത നൂറുകണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍ എന്ന് വിവരം. സ്വിഗി, സൊമാറ്റൊ പോലുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളില്‍ നിന്നാണ് മുന്‍കൂര്‍ പണമടച്ച് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിയത്.
സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍ വിശന്നിരിക്കുകയായിരിക്കും എന്ന് കരുതി അവര്‍ക്ക് ഐക്യദാഢ്യമെന്നോണമാണ് ഭക്ഷണം എത്തിയതെന്നാണ് കരുതുന്നത്. സമരക്കാരോടുള്ള വേറിട്ട പിന്തുണ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വലിയ മഴയിലും സമരകേന്ദ്രത്തിലേക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവറി ജീവനക്കാരുടെ വീഡിയോകള്‍ അടക്കം പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ സമര കേന്ദ്രത്തില്‍ ആവശ്യത്തിന് ഭക്ഷണമുണ്ടെന്നും ഇനി ഭക്ഷണമെത്തിക്കേണ്ടതില്ലെന്നുമാണ് സിജെപി പറയുന്നത്. ഭക്ഷണം പാഴാകാന്‍ അത് കാരണമായേക്കാമെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം അയച്ചു നല്‍കിയവരുടെ സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നതായും സിജെപി പറഞ്ഞു