
















യുകെ മലയാളികള്‍ക്കിടയില്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങിന് പുതിയ വേദിയൊരുക്കി കവന്‍ട്രിയില്‍ നടന്ന 'യുദ്ധം' ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ശ്രദ്ധേയമായി. 'യുദ്ധം' എന്ന പേരില്‍ സംഘടിപ്പിച്ച മത്സരത്തിലൂടെ യുകെ മലയാളി സമൂഹം ആദ്യമായി പ്രൊഫഷണല്‍ ബോക്‌സിങ് റിങ്ങിലേക്ക് ചുവടുവെച്ചു.
സൗത്ത് സൈഡ് ബോക്‌സിങ്ങിന്റെ സ്ഥാപകനും ചെല്‍റ്റന്‍ഹാം സ്വദേശിയുമായ ജീന്‍ മെക്കരയും ടിബി മീഡിയയും സംയുക്തമായി കവന്‍ട്രിയിലെ 'സ്‌പോര്‍ട്‌സ് കണക്ഷന്‍' ഹാളിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.
മലയാളി യുവാക്കള്‍ക്കിടയില്‍ കായിക താല്‍പര്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും പ്രത്യേകിച്ച് മലയാളി സമൂഹത്തില്‍ നിന്നുമുള്ളവരുമായ 24 പ്രൊഫഷണല്‍ ഫൈറ്റര്‍മാര്‍ റിങ്ങിലിറങ്ങി. ആകെ 12 ആവേശകരമായ പോരാട്ടങ്ങള്‍ അരങ്ങേറിയ മത്സരത്തിന് 500ലേറെ കാണികള്‍ സാക്ഷ്യം വഹിച്ചു.
മത്സരത്തിന് മുന്നോടിയായി പങ്കെടുത്ത എല്ലാ ഫൈറ്റര്‍മാര്‍ക്കും സൗത്ത് സൈഡ് ബോക്‌സിങ് 12 ആഴ്ചത്തെ സൗജന്യ പരിശീലനം നല്‍കിയിരുന്നു. പരിശീലനം മത്സരാര്‍ത്ഥികള്‍ക്ക് ശാരീരിക മികവിനൊപ്പം മാനസിക ആത്മവിശ്വാസവും പകരുന്നതായി സംഘാടകര്‍ പറഞ്ഞു.
കടുത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ ബ്ലാക്ക്‌ബേണില്‍ നിന്നുള്ള സിഡണും ലണ്ടനില്‍ നിന്നുള്ള അലന്‍ സാബുവും ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റുകള്‍ സ്വന്തമാക്കി. യുകെ മലയാളി സമൂഹത്തിന്റെ കായിക ചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടമായാണ് സംഘാടകര്‍ ഇതിനെ വിശേഷിപ്പിച്ചത്.
യുകെയിലെ പ്രവാസി മലയാളി കൂട്ടായ്മകള്‍ക്കിടയില്‍ കായികരംഗത്ത് പുതിയ സാധ്യതകള്‍ തുറക്കുന്നതാണ് 'യുദ്ധം' ചാമ്പ്യന്‍ഷിപ്പെന്ന് വിലയിരുത്തപ്പെടുന്നു. ആദ്യ പതിപ്പിന് ലഭിച്ച മികച്ച പ്രതികരണവും ജനപിന്തുണയും കണക്കിലെടുത്ത് 'യുദ്ധം 2' ഉടന്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.