CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 23 Seconds Ago
Breaking Now

പാര്‍ലമെന്റ് സ്‌ക്വയറില്‍ ഗാന്ധി പ്രതിമ വൃത്തിയാക്കി സ്വാതന്ത്ര്യദിനാഘോഷം; ലണ്ടനില്‍ വേറിട്ട മാതൃകയായി ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രവര്‍ത്തകര്‍

 ജനിച്ചു വീണ നാടിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ആദ്യം ചെയ്തത് ഗാന്ധിജിയുടെ പ്രതിമ വൃത്തിയാക്കല്‍. പൂക്കളും ദേശീയപതാകകളുമായി ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറിലെത്തിയ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) യുകെ - കേരള ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ ഇത്തവണ സ്വാതന്ത്ര്യദിനത്തിന് നല്‍കിയത് വേറിട്ടൊരു സന്ദേശം. ആഘോഷത്തിനൊപ്പം സേവനവും ശുചിത്വവും കൂട്ടിച്ചേര്‍ത്താണ് മഹാത്മാഗാന്ധിയുടെ പ്രതിമയും പരിസരവും പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്.

നാട്ടില്‍ നടക്കുന്ന സേവനവാരത്തിന്റെ ഓര്‍മ പുതുക്കുന്ന തരത്തിലായിരുന്നു ലണ്ടനിലെ സ്വാതന്ത്ര്യദിനാഘോഷം. ഗാന്ധിജി മുന്നോട്ടുവച്ച ശുചിത്വത്തിന്റെയും സേവനത്തിന്റെയും ആശയങ്ങള്‍ പ്രവര്‍ത്തിയിലൂടെ ഓര്‍മിപ്പിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കാളികളായി. ആഘോഷവേദി എന്നതിലുപരി സമൂഹത്തോടുള്ള ഉത്തരവാദിത്വം ഓര്‍മിപ്പിക്കുന്ന ഇടമായി പാര്‍ലമെന്റ് സ്‌ക്വയര്‍ മാറി.

ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പാര്‍ലമെന്റ് സ്‌ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു പരിപാടി. ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ദേശീയപതാക ഉയര്‍ത്തിയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഓര്‍മകള്‍ പങ്കുവച്ചും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ മഹത്തായ പാരമ്പര്യം അനുസ്മരിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പായസ വിതരണവും നടന്നു. ഒരുമിച്ച് ദേശീയപതാക ഉയര്‍ത്തിയും മധുരം പങ്കിട്ടും രാജ്യസ്‌നേഹം ആഘോഷിച്ച പ്രവര്‍ത്തകര്‍, അതോടൊപ്പം ഗാന്ധിജിയുടെ പ്രതിമയും പരിസരവും വൃത്തിയാക്കി സേവനത്തിന്റെ സന്ദേശം പകര്‍ന്നു. ആഘോഷവും സേവനവും ഒരേ വേദിയില്‍ ചേര്‍ത്തുകൊണ്ട് ലണ്ടനില്‍ നടന്ന ഐഒസിയുടെ സ്വാതന്ത്ര്യദിനാഘോഷം, ഇന്ത്യയുടെ സ്വാതന്ത്ര്യസമര പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്നതിനൊപ്പം പ്രവാസി സമൂഹത്തിന്റെ സാമൂഹിക ഉത്തരവാദിത്വവും ഉയര്‍ത്തിപ്പിടിക്കുന്നതായി.

ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങള്‍ക്ക് പ്രസിഡന്റ് സുജു കെ. ഡാനിയേല്‍ നേതൃത്വം നല്‍കി. ഐഒസി യുകെയുടെ വൈസ് പ്രസിഡന്റുമാരായ ഗുര്‍മിന്ദര്‍ റാധവ, സുധാകര്‍ ഗൗഡ്, തമിഴ്‌നാട് ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് ഖലീല്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിമാരായ അഷറഫ് അബ്ദുള്ള, അജിത് വെണ്‍മണി, സെക്രട്ടറി മെബിന്‍ പിറവം, പിആര്‍ഒ അജി ജോര്‍ജ്, അഷറഫ് മൊയ്തീ,  ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് പ്രസിഡന്റ് ഷൈനു മാത്യു, ജനറല്‍ സെക്രട്ടറി റെജി നന്ദിക്കാട്ട് എന്നിവര്‍ ചടങ്ങില്‍ സ്വതന്ത്ര്യദിന സന്ദേശങ്ങള്‍ നല്‍കി സംസാരിച്ചു. നേതാക്കളായ ജോര്‍ജ് ജോസഫ്, ഷിജന്‍ ജോസഫ്, രാജന്‍ പടിയില്‍, സ്റ്റീഫന്‍ റോയ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.