
















ജിസിഎസ്ഇയില്‍ ഇംഗ്ലീഷ്, മാത്സ് വിഷയങ്ങളില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥികളെ വീണ്ടും പരീക്ഷ എഴുതിക്കാനുള്ള പദ്ധതിയുമായി ഗവണ്‍മെന്റ്. ഈ വര്‍ഷവും പുനര്‍പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ പാസ് നിരക്ക് ഇടിഞ്ഞ ഘട്ടത്തിലാണ് ഗവണ്‍മെന്റ് നിലപാട് കടുപ്പിക്കുന്നത്. പാസാകാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജിസിഎസ്ഇ മാത്സ് റീടേക്ക് ചെയ്ത ഏഴിലൊന്ന് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഈ സമ്മറില്‍ ഗ്രേഡ് 4, അല്ലെങ്കില്‍ അതിന് മുകളില്‍ ഗ്രേഡ് നേടിയത്.
ഇംഗ്ലീഷില്‍ ആറിലൊന്ന് വിദ്യാര്‍ത്ഥികളാണ് പുനര്‍പരീക്ഷയില്‍ പാസായത്. ഇതോടെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അടുത്ത വര്‍ഷവും പരീക്ഷ വീണ്ടും എഴുതേണ്ട അവസ്ഥയാണ്. പ്രായം കൂടിയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ ജയിച്ച് കയറാന്‍ പാടുപെടുമ്പോള്‍ ഇയര്‍ 11 വിദ്യാര്‍ത്ഥികള്‍ ഇംഗ്ലണ്ടില്‍ റെക്കോര്‍ഡ് ഗ്രേഡുകളാണ് കരസ്ഥമാക്കിയത്.
16 വയസ്സുകാരില്‍ പത്തില്‍ ഏഴ് പേരും മാത്സിലും, ഇംഗ്ലീഷിലും പാസ് ഗ്രേഡ് നേടി. എന്നാല്‍ 620,000 ഇയര്‍ 11 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വിഷയങ്ങളില്‍ വീണ്ടും പരീക്ഷ എഴുതേണ്ടി വരിക. ജിസിഎസ്ഇ ആദ്യ ശ്രമത്തില്‍ ഗ്രേഡ് 2, അല്ലെങ്കില്‍ അതിലും മോശം ഗ്രേഡ് ലഭിച്ചാല്‍ വീണ്ടും പരീക്ഷ എഴുതിക്കാനുള്ള പ്ലാനില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ലൂസി പവല്‍ വ്യക്തമാക്കി.