CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 28 Seconds Ago
Breaking Now

മൂന്നുവയസുകാരനെ പാലത്തില്‍ സ്‌കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

രാത്രി 10 മണിയോടെ എത്തിയ ദമ്പതികള്‍ കുട്ടിയെ സ്‌കൂട്ടറില്‍ ഇരുത്തിയ ശേഷം നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ മാതാപിതാക്കള്‍ ഗോദാവരി നദിയിലേക്ക് ചാടിയതിനെ തുടര്‍ന്ന് മൂന്നു വയസ്സുകാരനായ മകന്‍ പാലത്തില്‍ തനിച്ചായി. ഇരുട്ടില്‍ കുട്ടിയുടെ കരച്ചില്‍ കേട്ടാണ് സംഭവം പുറംലോകമറിയുന്നത്. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. വേല്‍പൂരു ഗ്രാമത്തില്‍ താമസിക്കുന്ന ദൊഡ്ഡ സായി (29), ഭാര്യ ശിരീഷ (28) എന്നിവരാണ് മകനൊപ്പം സ്‌കൂട്ടറില്‍ പാലത്തിലെത്തിയത്.

രാത്രി 10 മണിയോടെ എത്തിയ ദമ്പതികള്‍ കുട്ടിയെ സ്‌കൂട്ടറില്‍ ഇരുത്തിയ ശേഷം നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വഴിപോക്കരാണ് കുട്ടിയെ പാലത്തില്‍ ഒറ്റയ്ക്ക് കരയുന്ന നിലയില്‍ കണ്ടെത്തി പോലീസിനെ വിവരമറിയിച്ചത്. മാതാപിതാക്കള്‍ക്കായി തിരച്ചില്‍ നടത്തിയ നാട്ടുകാര്‍, കുട്ടി 'അമ്മ... നാന്ന' എന്ന് വിളിച്ച് കരയുന്നത് കേട്ടാണ് അവന്‍ ഒറ്റയ്ക്കായിപ്പോയ വിവരം തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ഏറ്റെടുത്തു. സ്‌കൂട്ടര്‍ സുരക്ഷിതമായി കസ്റ്റഡിയിലെടുത്ത പോലീസ്, ദമ്പതികള്‍ക്കായി നദിയില്‍ തിരച്ചില്‍ ആരംഭിച്ചു. കുട്ടിയെ പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി.

ഡ്രൈവറായി ജോലി ചെയ്തിരുന്നതും മുമ്പ് ഗള്‍ഫിലായിരുന്നതുമായ സായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമായിരുന്നുവെന്നാണ് പ്രാദേശിക അന്വേഷണം വ്യക്തമാക്കുന്നത്. സാമ്പത്തിക ബാധ്യതകള്‍ കാരണം ഇവര്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

എങ്കിലും, സാമ്പത്തിക പ്രതിസന്ധിയാണ് ഈ സംഭവത്തിന് പിന്നിലെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.