
















ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. സുമിത്, മോഹിത് എന്നിവരാണ് കൊല്ലപ്പെട്ടത്. അങ്കിത് ബല്യാന്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് പൊലീസ് നടപടി.ഓഗസ്റ്റ് 26ന് ഷാംലിയില്‍ ജിമ്മില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് അങ്കിത്തിന് നേരെ ആക്രമണമുണ്ടായത്. കാറിലെത്തിയ അക്രമികള്‍ അദ്ദേഹത്തിന് നേരെ 16 തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അങ്കിത്തിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കൊലപാതകത്തില്‍ ആറുപേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതില്‍ നാലുപേരാണ് നേരിട്ട് അങ്കിത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സുമിത്തും മോഹിത്തും ഇതില്‍ ഉള്‍പ്പെടുന്നവരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിലെ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കൊലയാളികളെ നാലു ദിവസത്തിനകം പിടികൂടിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് അങ്കിത്തിന്റെ ഭാര്യ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അങ്കിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.
ഹരിയാനയിലെ സോനിപത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗോഗി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും ഭോലു ഷാഹ്പുരി എന്നയാള്‍ അവകാശപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിലെ മുഴുവന്‍ പ്രതികളെയും കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഷാംലി സ്വദേശിയായ അങ്കിത് ബല്യാന് ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്. ഗായകനെന്ന നിലയിലും യൂട്യൂബറെന്ന നിലയിലും ശ്രദ്ധേയനായിരുന്ന അങ്കിത്തിന്റെ കൊലപാതകം വലിയ ചര്‍ച്ചയായിരുന്നു.