
















യുകെയില്‍ സൗത്താംപ്ടണിലെ പോര്‍ട്‌സ്വുഡില്‍ മലയാളി യുവാവിന് കുത്തേറ്റു. 36 കാരനായ യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് പോര്‍ട്‌സ്വുഡിലെ ബ്രൂക്ക് വെയില്‍ റോഡിലെ ഒരു ഫ്‌ളാറ്റില്‍ ഒരാള്‍ക്ക് കുത്തേറ്റതെന്ന് പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് വയറിന് കുത്തേറ്റ നിലയില്‍ ഗുരുതര പരുക്കുകളോടെ യുവാവിനെ കണ്ടെത്തിയത്. പാരാമെഡിക്കുകള്‍ ആശുപത്രിയിലെത്തിച്ച ഇയാള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ഹാംപ്ഷയര്‍ പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 38 വയസ്സുകാരനായ പുരുഷനെ കൊലപാതക ശ്രമം നടത്തിയെന്ന സംശയത്തിലും 29 കാരിയായ സ്ത്രീയെ കുറ്റകൃത്യത്തിന് സഹായം നല്‍കിയെന്ന സംശയത്തിലുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സൗത്താംപ്ടണില്‍ താമസിക്കുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്ന സൂചനകളുണ്ടെങ്കിലും ഇതു സംബന്ധിച്ച് പ്രതികളുടെ പേരു വിവരങ്ങളോ മറ്റ് ഔദ്യോഗിക സ്ഥിരീകരണങ്ങളോ നല്‍കിയിട്ടില്ല.
സംഭവ സ്ഥലത്തു നിന്ന് ഒരു കത്തി പൊലീസ് കണ്ടെടുത്തു. അന്വേഷണം തുടരുകയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന് ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളോ എന്തെങ്കിലും വിവരം കൈവശമുള്ളവരോ പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ഹാംപ്ഷയര്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു.