
















യുകെയിലെ സൗത്താംപ്ടണില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവത്തില്‍ മൂന്നാമതൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. 32 വയസ്സുള്ള മലയാളിയെയാണ് കൊലപാതകശ്രമം സംശയിച്ച് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് പോര്‍ട്‌സ്വുഡിലെ ബ്രൂക്ക്വെയില്‍ റോഡിലുള്ള ഫ്‌ലാറ്റില്‍ 36 വയസ്സുകാരനായ യുവാവിന് വയറിന് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ പാരാമെഡിക്കുകള്‍ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്തുനിന്ന് കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ് കുത്തേറ്റ യുവാവെന്നാണ് പ്രാഥമിക വിവരം. ഇയാളും കുത്തിയതായി ആരോപിക്കപ്പെടുന്ന എറണാകുളം സ്വദേശിയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ഇരുവരുടെയും കുടുംബങ്ങള്‍ മുമ്പ് ഒരേ വീട്ടില്‍ താമസിച്ചിരുന്നുവെന്നും വിവരമുണ്ട്. ഇരുവരും ഒരേ സ്ഥാപനത്തില്‍ കെയര്‍ വര്‍ക്കര്‍മാരായി ജോലി ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ നേരത്തെ 38 വയസ്സുള്ള ഒരു പുരുഷനെയും 29 വയസ്സുള്ള ഒരു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുരുഷനെ കൊലപാതകശ്രമം സംശയിച്ചും സ്ത്രീയെ കുറ്റകൃത്യത്തിന് സഹായം നല്‍കിയെന്ന സംശയത്തിലുമാണ് അറസ്റ്റ് ചെയ്തത്.
അതേസമയം കുത്തിയ ആളിന്റെ ഭാര്യയും പിന്നീട് അറസ്റ്റിലായ കുടുംബ സുഹൃത്തും ജാമ്യത്തിലിറങ്ങിയതായി സൂചനയുണ്ട്.കുത്തിയ ആള്‍ മാത്രമാണ് നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്.
കുത്തേറ്റ യുവാവിന് ഇതുവരെ രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയതായിട്ടാണ് വിവരം. സംഭവം നടന്ന ഉടന്‍ ആദ്യ ശസ്ത്രക്രിയയും കഴിഞ്ഞ ദിവസം രണ്ടാമത്തെ ശസ്ത്രക്രിയയും നടത്തി. യുവാവ് ചികിത്സയില്‍ തുടരുകയാണ്.
സംഭവത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.