
















രണ്ട് ദിവസം നീണ്ട് നിന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്ന് സൗദി വിദേശകാര്യ മന്ത്രിയും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. വ്യാപാരം, ഊര്‍ജ്ജ സുരക്ഷ, സാമ്പത്തിക സഹകരണം എന്നിവ ചര്‍ച്ചയാകും. ആദ്യ ദിവസമായ ഇന്നലെ ബ്രിക്സ് രാജ്യങ്ങളുടെ ആഭ്യന്തര ചര്‍ച്ചകളും ഉഭയകക്ഷി ചര്‍ച്ചകളുമായിരുന്നു നടന്നത്. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം രമ്യതയില്‍ പരിഹരിക്കാന്‍ മോദി - ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ തീരുമാനമായിട്ടുണ്ട് എന്നതും പ്രധാനമാണ്. 'എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ആഗോള വളര്‍ച്ച' എന്നതാണ് ഇന്ന് ഉച്ചകോടിയിലെ പ്രധാന വിഷയം.
ആദ്യ ദിവസം തന്നെ സംയുക്ത പ്രസ്താവന അംഗീകരിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്താന്‍ രാജ്യങ്ങളുമായി നടത്തിയ തീവ്രമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയുണ്ടായത്. ഇന്ന് പുലര്‍ച്ചെ വരെ ചര്‍ച്ച നീണ്ട് പോയിരുന്നു. ഇറാനും സൗദിയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ ഭിന്നതയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. യുഎസ്-ഇസ്രായേല്‍ ആക്രമണം പ്രഖ്യാപനത്തില്‍ വ്യക്തമായി രേഖപ്പെടുത്തണമെന്ന ഇറാന്റെ നിലപാട് പിന്നീട് മയപ്പെടുത്തിയതായാണ് വിവരം.
അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും ബ്രിക്സ് പ്രഖ്യാപനത്തില്‍ നിന്ന് ഒഴിവാക്കി. ആഗോളതലത്തില്‍ പുതിയ രണ്ട് ചേരികള്‍ സൃഷ്ടിക്കുകയല്ല, നിലവിലെ ആഗോളക്രമത്തില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയാണ് വേണ്ടതെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഒരു രാജ്യങ്ങളുടേയും പേര് പറയാതെയുള്ള സംയുക്ത പ്രസ്താവനയിലേക്ക് ഇന്ത്യ എത്തുകയും അത് മറ്റ് പങ്കാളിത്ത രാജ്യങ്ങള്‍ അംഗീകരിക്കുകയുമായിരുന്നു. ഇന്ത്യ, ഇറാന്‍ പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുമായും മറ്റ് ഭരണാധികാരികളുമായും നടത്തിയ കൂടിക്കാഴ്ചകളും ഇതില്‍ നിര്‍ണായകമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.