
















അസമില്‍ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജില്‍ ഒളിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ ഉപദേശം. ഗുവാഹത്തിയില്‍ 25 കാരിയായ ഭാര്യ റിയ താലൂക്ദാറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രാമാനുജ് ഗോസ്വാിയാണ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിച്ചത്.
ഞാന്‍ എന്റെ തെറ്റുകള്‍ സമ്മതിക്കുന്നു, ആളുകള്‍ക്ക് എന്നെ കുറിച്ച് മോശം കാര്യങ്ങള്‍ പറയാം, എന്നാല്‍ ജീവിതത്തില്‍ ഇത്തരമൊരു തെറ്റ് ചെയ്യരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു, രാമാനുജ് ഗോസ്വാമി പറഞ്ഞു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മാത്രമായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. സെപ്തംബര്‍ 4നാണ് വഴക്കിനെ തുടര്‍ന്ന് പ്രതി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല വെട്ടിമാറ്റുകയായിരുന്നു. ശേഷം ദേഷ്യം തീരാതെ ശരീരം കഷ്ണങ്ങളാക്കാന്‍ ശ്രമിക്കുകയും കത്രിക ഉപയോഗിച്ച് മുഖം വികൃതമാക്കുകയുമായിരുന്നു. വെട്ടിമാറ്റിയ തല ഇയാള്‍ ഫ്രിഡ്ജിലാണ് സൂക്ഷിച്ചത്.
സെപ്തംബര്‍ 6ന് ദമ്പതികളുടെ ഫ്‌ളാറ്റില്‍ നിന്നും കടുത്ത ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍ക്കാര്‍ പരാതിപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. രണ്ടു ദിവസമായി ഇവരെ പുറത്തു കണ്ടിരുന്നില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസെത്തി ഫ്‌ളാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോഴാണ് അഴുകി തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ വിരലുകള്‍ ഭാഗികമായി മുറിച്ചുമാറ്റിയ നിലയിലായിരുന്നു. തലയും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പ്രതിയെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി.