
















മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടുപോകുന്നതിന്റെ വീഡിയോ ചിത്രീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്‌തെന്ന ആരോപണം നേരിട്ട മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് കെ.എം. തഹ്‌സീഫ് സൗരിയുടെ (28) മൃതദേഹമാണ് ധാക്കയിലെ തുരാഗ് നദിയില്‍നിന്ന് കണ്ടെത്തിയത്.
ഒക്ടോബര്‍ 27ന് വൈകിട്ട് സുഹൃത്തിനെ കാണാനായി വീട്ടില്‍നിന്ന് ഇറങ്ങിയ തഹ്‌സീഫ് തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഒക്ടോബര്‍ 28ന് രാജബാരി ഘട്ടിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണും കൈവാച്ചും ഉപയോഗിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ശരീരത്തില്‍ ബാഹ്യമായ പരിക്കുകളുടെ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.
2024 ഓഗസ്റ്റ് അഞ്ചിന് അധികാരത്തില്‍നിന്ന് പുറത്തായതിനെ തുടര്‍ന്ന് ഷെയ്ഖ് ഹസീന സൈനിക വിമാനത്തില്‍ രാജ്യം വിട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ വീഡിയോ ചിത്രീകരിച്ചതുമായി തഹ്‌സീഫിന് ബന്ധമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സഹപ്രവര്‍ത്തകന്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ തഹ്‌സീഫ് പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നാണ് ബന്ധുവിന്റെ വിശദീകരണം.
വീഡിയോയുമായി ബന്ധപ്പെട്ട് തഹ്‌സീഫിന് നിരന്തരം മാനസിക പീഡനവും നിരീക്ഷണവും നേരിടേണ്ടിവന്നിരുന്നുവെന്നും ഇതിന് പിന്നാലെയാണ് കൊലപാതകമെന്നും ബന്ധു മൊഷ്‌ഫെക്ക ജഹാന്‍ ആരോപിച്ചു. എന്നാല്‍ കുടുംബത്തിന്റെ കൊലപാതക ആരോപണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.