
















പതിനേഴുകാരന്‍ ഓടിച്ച ബൈക്കിടിച്ച് മരിച്ച വയോധികയുടെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. വാഹനത്തിന്റെ രേഖകളിലുള്ള ഉടമയാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടതെന്ന് മൂവാറ്റുപുഴ ട്രൈബ്യൂണല്‍ ജഡ്ജി കെ.എന്‍. ഹരികുമാര്‍ വ്യക്തമാക്കി. അതേസമയം, അപകടത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ എറണാകുളം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കുറ്റവിമുക്തനാക്കിയിരുന്നു.
നഷ്ടപരിഹാരത്തുക ആദ്യം ഇന്‍ഷുറന്‍സ് കമ്പനി കുടുംബത്തിന് കൈമാറണമെന്നും പിന്നീട് ഈ തുക വാഹന ഉടമയില്‍ നിന്ന് ഈടാക്കാനും കമ്പനിക്ക് അധികാരമുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
മൂവാറ്റുപുഴ രണ്ടാര്‍ മാടവനപ്പുത്തന്‍പുരയില്‍ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സുമതി (72) മരിച്ച കേസിലാണ് ട്രൈബ്യൂണലിന്റെ നിര്‍ണായക വിധി. 11,02,000 രൂപ നഷ്ടപരിഹാരവും ഇതിന്റെ എട്ടു ശതമാനം പലിശയും കോടതി ചെലവും ഉള്‍പ്പെടെയാണ് കുടുംബത്തിന് ലഭിക്കുക.
2024 ജൂലൈ 12-നായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. മൂവാറ്റുപുഴ ചാലിക്കടവ് റോഡിലൂടെ നടന്നുപോവുകയായിരുന്ന സുമതിയെ 17-കാരന്‍ ഓടിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. വെള്ളൂര്‍ക്കുന്നം സ്വദേശിയുടെ മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. എന്നാല്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നത് കോതമംഗലം പോത്താനിക്കാട് കൂവള്ളൂര്‍ കല്ലുംപുറത്ത് അലിയാരുടെ പേരിലായിരുന്നു.