
















ലേബര്‍ നേടിയ വന്‍ മുന്നേറ്റവും, ടോറികള്‍ അനുഭവിച്ച തകര്‍ച്ചയും ഇനിയൊരിക്കലും മടങ്ങിവരാന്‍ പോകുന്നില്ലെന്ന വിധിയെഴുത്തും തിരുത്തി കെമി ബാഡെനോക്. റിഫോം യുകെയും, നിഗല്‍ ഫരാഗും ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് കെമി ബാഡെനോക് പുതിയ സര്‍വ്വെയില്‍ എട്ട് പോയിന്റ് മുന്നിലെത്തി.
ബാഡെനോകിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി തിരിച്ചുവരുന്നുവെന്ന സൂചന ടോറികള്‍ക്കിടയില്‍ ആഹ്ലാദം സൃഷ്ടിച്ചിട്ടുണ്ട്. ആന്‍ഡി ബേണ്‍ഹാമിന്റെ ലേബര്‍ ഗവണ്‍മെന്റിന് എതിരായി ശക്തമായി നിലകൊള്ളാനും വ്യക്തമായ നിലപാടുകള്‍ പങ്കുവെയ്ക്കാനും ബാഡെനോകിന് സാധിക്കുന്നുണ്ട്.
അതേസമയം വന്‍മുന്നേറ്റം നേടിയ ഫരാഗിന്റെ വീഴ്ചയ്ക്ക് പ്രധാന കാരണമാകുന്നത് സാമ്പത്തിക വിഷയങ്ങളിലെ ആരോപണങ്ങളാണ്. ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ് നടത്തിയ സര്‍വ്വെയില്‍ ലേബര്‍ 31 പോയിന്റുമായി മുന്നിലുണ്ട്. കണ്‍സര്‍വേറ്റീവുകള്‍ 26 ശതമാനവും, റിഫോം യുകെ 18 ശതമാനം പിന്തുണയും ഉറപ്പിക്കുന്നു.
റിഫോമിന് എതിരായ ടോറികളുടെ ലീഡില്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത്. കോമണ്‍സ് ചര്‍ച്ചകളില്‍ ബേണ്‍ഹാമിനെ പൊളിച്ചടുക്കുന്നതും, കണ്‍സര്‍വേറ്റീവ് നയങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നതുമാണ് ബാഡെനോകിന് പിന്തുണ വര്‍ദ്ധിപ്പിക്കുന്നത്.