
















സാങ്കേതിവിദ്യക്ക് വംശവെറിയുണ്ടോ? ഉണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട് ഭയപ്പെടുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഡാറ്റ തെളിവായി ഉപയോഗിച്ചാല്‍ വംശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട നിരപരാധികള്‍ കൂടുതലായി അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.
സാങ്കേതികവിദ്യ കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തെ സഹായിക്കുമെങ്കിലും ഇതില്‍ തെറ്റുകളും, പക്ഷപാതവും നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡാറ്റ കൂടുതല്‍ പരിശോധിച്ച ശേഷം നടപടി മതിയെന്ന് പലപ്പോഴും ഓപ്പറേറ്റര്‍മാര്‍ തീരുമാനിക്കാറുമില്ല.
ഹിസ് മജസ്റ്റീസ് ഇന്‍സ്‌പെക്ടറേറ്റ് ഓഫ് കോണ്‍സ്റ്റാബുലറിയാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംബന്ധിച്ച് അന്വേഷണം നടത്തിയത്. സാങ്കേതികവിദ്യ ചിലപ്പോള്‍ ആളുകളെ തെറ്റായി കുറ്റവാളിയെന്ന് കണ്ടെത്തുകയും, അറസ്റ്റിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് തുടര്‍ന്നാല്‍ പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും, റിപ്പോര്‍ട്ട് കണ്ടെത്തി.
ടെക്‌നോളജി വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ടവരെയാണ് തെറ്റായി മുദ്ര കുത്തുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് അല്‍ഗോരിതത്തിലെ തെറ്റായ പക്ഷപാതമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.