
















ശസ്ത്രക്രിയയ്ക്കിടെ 45കാരിയായ യുവതിയുടെ രണ്ട് അണ്ഡാശയങ്ങളും അബദ്ധത്തില്‍ നീക്കം ചെയ്ത സംഭവത്തില്‍ മാപ്പുപറഞ്ഞ് ഹോങ്കോങിലെ സ്വകാര്യ ആശുപത്രി. ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ് മെഡിക്കല്‍ സെന്ററിലാണ് ഗുരുതരമായ ചികിത്സാപ്പിഴവ് സംഭവിച്ചത്.ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയല്‍ അസാധാരണതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതിക്ക് സെപ്റ്റംബര്‍ 12ന് ശസ്ത്രക്രിയ നടത്തിയത്. ഗര്‍ഭപാത്രവും രണ്ട് ഫലോപ്പിയന്‍ ട്യൂബുകളും നീക്കം ചെയ്യാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ രണ്ട് അണ്ഡാശയങ്ങളും സംരക്ഷിക്കണമെന്ന് ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രത്തിലും ചികിത്സാ പദ്ധതിയിലും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം നീക്കം ചെയ്ത അവയവങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് നഴ്‌സ് അബദ്ധം കണ്ടെത്തിയത്. അണ്ഡാശയങ്ങളും നീക്കം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ ഡോക്ടറെ വിവരം അറിയിച്ചു.
ശസ്ത്രക്രിയയ്ക്കിടെ ആവശ്യമായ നടപടികളില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ഡോക്ടര്‍ക്ക് താല്‍ക്കാലികമായി സാഹചര്യബോധം നഷ്ടപ്പെട്ടതാണ് പിഴവിന് കാരണമെന്നാണ് ആശുപത്രിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഡോക്ടര്‍ തെറ്റ് സമ്മതിക്കുകയും യുവതിയോടും കുടുംബത്തോടും മാപ്പുപറയുകയും ചെയ്തു.
സംഭവത്തില്‍ ആശുപത്രി അധികൃതരും പരസ്യമായി ക്ഷമാപണം നടത്തി. ഡോക്ടര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സമാനമായ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശസ്ത്രക്രിയയ്ക്കിടെ വ്യക്തമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആശുപത്രി അറിയിച്ചു.
അതേസമയം, യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തുടര്‍ചികിത്സയും ആവശ്യമായ പിന്തുണയും ആശുപത്രി നല്‍കിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.