
















രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ പണമില്ലാതെ ബ്രിട്ടനിലെ ഡസന്‍ കണക്കിന് ആശുപത്രികള്‍. ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതമായതോടെ സേവനങ്ങള്‍ക്ക് പുറമെ ജീവനക്കാരെയും വെട്ടിക്കുറച്ചാണ് ആശുപത്രികള്‍ പ്രതികരിക്കുന്നത്.
ഈ വര്‍ഷം ബജറ്റില്‍ വലിയ ലാഭം കണ്ടെത്തണമെന്ന എന്‍എച്ച്എസ് ആവശ്യം തങ്ങളുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തിന് ഭീഷണി ഉയര്‍ത്തുകയാണെന്ന് ഇംഗ്ലണ്ടിലെ 31 ട്രസ്റ്റുകള്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. 27 ട്രസ്റ്റുകളാണ് ആവശ്യത്തിന് പണമില്ലാത്തതാണ് ഏറ്റവും വലിയ ഭീഷണിയെന്ന് വ്യക്തമാക്കിയത്.
ആറ് ട്രസ്റ്റുകളില്‍ അപകടനില ഏറ്റവും ഉയര്‍ന്ന തോതിലാണ്. ഈ വര്‍ഷം 106 മില്ല്യണ്‍ പൗണ്ട് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഭൂരിഭാഗം ട്രസ്റ്റുകളും സേവനങ്ങള്‍ ചുരുക്കുന്നതിന് പുറമെ ജോലിക്കാരുടെ എണ്ണവും കുറയ്ക്കുകയാണ്. എന്‍എച്ച്എസില്‍ ജോലിക്കാരുടെ പരിമിതി നേരിടുമ്പോഴാണ് ഈ വെട്ടിച്ചുരുക്കല്‍.
ലണ്ടന്‍ കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റ്, എപ്‌സം സെന്റ് ജോര്‍ജ്ജ്, സെന്റ് ഹെലിയര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് എന്നിവരാണ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ്, ഗ്ലോസ്റ്റര്‍ഷയര്‍, ഡോങ്കാസ്റ്റര്‍, ബാസെറ്റ്‌ലോ അക്യൂട്ട് ട്രസ്റ്റ്, ബര്‍മിംഗ്ഹാം, സോളിഹള്‍ മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റ് എന്നിവിടങ്ങളിലും സ്ഥിതി മോശമാണ്.