
















കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ 443 പൗണ്ട് വരെ കുതിച്ചുയരുമെന്ന് ഉറപ്പായതോടെ പ്രധാനമന്ത്രിക്ക് എതിരെ രോഷം ഉയരുന്നു. ജനുവരിയില്‍ പുതിയ പ്രൈസ് ക്യാപ്പ് നിലവില്‍ വരുന്നതോടെ ലേബര്‍ അധികാരത്തിലെത്തിയ ശേഷം ഉണ്ടായ വര്‍ദ്ധന 600 പൗണ്ടായി മാറും. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ 300 പൗണ്ട് ബില്‍ കുറയ്ക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ വാഗ്ദാനം.
പുതുവര്‍ഷ ദിനത്തില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് 26% വര്‍ദ്ധിപ്പിക്കുമെന്നാണ് റെഗുലേറ്റര്‍ ഓഫ്‌ജെം പ്രഖ്യാപിച്ചിരിക്കുന്നത്. ശരാശരി ബില്ലില്‍ 443 പൗണ്ട് വര്‍ദ്ധനവാണ് ഇത് സൃഷ്ടിക്കുക. ഇതോടെ വാര്‍ഷിക ബില്ലുകള്‍ 2166 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുക. 2024 തെരഞ്ഞെടുപ്പ് സമയത്ത് 1568 പൗണ്ട് മാത്രമായിരുന്നു ബില്‍.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മൂലം ഹോള്‍സെയില്‍ ഗ്യാസ് വില ഉയരുന്നതാണ് ഇതിന് ഇടയാക്കുന്നതെന്ന് ഓഫ്‌ജെം ന്യായീകരിക്കുന്നു. അതേസമയം എനര്‍ജി ചെലവുകളില്‍ നിന്നും നെറ്റ് സീറോ നികുതികള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദം ഉയരുകയാണ്.
സ്വന്തം എണ്ണയും, ഗ്യാസും ഉപയോഗിക്കാന്‍ തയ്യാറായാല്‍ ഇത് ഒഴിവാക്കാമായിരുന്നുവെന്ന് റിഫോം യുകെ ട്രഷറി വക്താവ് റോബര്‍ട്ട് ജെന്റിക്ക് ചൂണ്ടിക്കാണിച്ചു. പാടുപെട്ട് ജീവിക്കുന്ന കുടുംബങ്ങളുടെ ബില്ലുകള്‍ കുറയ്ക്കുന്നതിന് മുന്നില്‍ ആശയങ്ങള്‍ എടുത്ത് വെച്ചിരിക്കുകയാണ് ലേബര്‍, അദ്ദേഹം ആരോപിച്ചു.
ഇംഗ്ലണ്ടിലെ ടാക്‌സ് ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ള പ്രോപ്പര്‍ട്ടികളില്‍ താമസിക്കുന്ന 20 മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണയായി 100 പൗണ്ട് എനര്‍ജി സപ്പോര്‍ട്ട് ലഭ്യമാക്കുന്നുണ്ടെങ്കിലും പുതിയ പ്രൈസ് ക്യാപ്പ് വരുന്നതോടെ ഇതിന്റെ ഗുണം നഷ്ടമാകും.