
















കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂമിംഗ് സംഘത്തെ വേട്ടയാടി ഹാംപ്ഷയര്‍ പോലീസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളെ കുരുക്കി, പാര്‍ട്ടികള്‍ക്ക് എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. 33 പേരാണ് ഇപ്പോള്‍ ഗ്രൂമിംഗ് ഗ്യാംഗുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
ഇരകളായ പെണ്‍കുട്ടികളെ ടാക്‌സികളില്‍ വന്ന് കൂട്ടിക്കൊണ്ട് പോയി, പാര്‍ട്ടികളില്‍ മദ്യവും, മയക്കുമരുന്നും നല്‍കി കാത്തിരിക്കുന്ന വേട്ടക്കാര്‍ക്ക് ലൈംഗിക പീഡനത്തിനായി വിട്ടുനല്‍കുകയാണ് ചെയ്തിരുന്നതെന്നാണ് പോലീസ് കരുതുന്നത്. കുട്ടികള്‍ക്കിടയില്‍ ഗ്രൂമിംഗ് സംഘങ്ങള്‍ വ്യാപകമായതിനാല്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ഇതുവരെ 33 പേര്‍ അറസ്റ്റിലായെന്ന് ഹാംപ്ഷയര്‍ പോലീസ് സ്ഥിരീകരിച്ചു. 80-ലേറെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഏതാനും ആഴ്ചകളായി വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. വേട്ടക്കാരെ പിടികൂടാനായി ഓപ്പറേഷന്റെ വിവരങ്ങള്‍ ഇതുവരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
രണ്ട് പ്രതികള്‍ക്കെതിരെ ഇപ്പോള്‍ കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സൗത്താംപ്ടണില്‍ നിന്നുള്ള സയേദ് ഹാഷ്മി 17-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റം സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ മറ്റൊരു 35-കാരന്‍ ഒരു 15-കാരിയെ പീഡിപ്പിച്ച കേസാണ് നേരിടുന്നത്. സൗത്താംപ്ടണ്‍ റെജെന്റ്‌സ് പാര്‍ക്ക് കമ്മ്യൂണിറ്റി കോളേജിലെ മാതാപിതാക്കള്‍ക്കാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രദേശത്ത് കുട്ടികളെ കേന്ദ്രീകരിച്ച് ലൈംഗിക ചൂഷണം അരങ്ങേറുന്നതായി പോലീസ് പറയുന്നു.