ഫെബ്രുവരി 24 നു ഞായറാഴ്ച നോര്വിച്ചിലെ ടക് വുഡ് പാരീഷ് ഹാളില് വെച്ചാണ് കുടുംബ സംഗമം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് ഈശ്വര പ്രാര്ത്ഥനയോടെ ആരംഭം കുറിക്കുന്ന സംഗമത്തില് സെന്ട്രല് കമ്മിറ്റി ഭാരവാഹികള് പങ്കെടുക്കും. പാരമ്പര്യ,പൈതൃക വിശ്വാസ അധിഷ്ടിത കലാ പരിപാടികള്, ബൈബിള് ക്വിസ്സ്, ഗ്രൂപ്പ് ചര്ച്ചകള്, എന്നിവ കുടുംബ സംഗമത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. തുടര്ന്ന് വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
മാര്ത്തോമ്മാ കത്തോലിക്കരുടെ പാരമ്പര്യവും, പൈതൃകവും കാത്തു പരിപാലിക്കുവാന്, സീറോ മലബാര് തനയര് എവിടെയാണെങ്കിലും, ഏതെല്ലാം ഭൌതിക നേട്ടങ്ങളുടെ ഉയര്ച്ചയില് എത്തിയാലും,സ്വന്തം വേരും പേരും ഊരും മറക്കാതെ, പൂര്വ്വികരില് നിന്നും, തലമുറ തലമുറയായി കൈപകര്ന്നു ലഭിച്ചിട്ടുള്ള ജീവിത മൂല്യങ്ങളെ, ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്, നവ തലമുറക്ക് ഈ സമ്പത്തിനെ അവരുടെ ജീവിത മൂല്യങ്ങളാക്കി പകര്ന്നു നല്കുവാന്, ഒത്തൊരുമിച്ചു പ്രവര്ത്തിക്കുവാനുള്ള ,ആത്മീയ-സാമൂഹ്യ-സാംസ്കാരിക പൊതുവേദിയാണ് സെന്റ് തോമസ് കാത്തലിക്ക് ഫോറം. എല്ലാ അല്മായരുടെയും സ്വപ്നമായ സ്വന്തമായ രൂപതയും, ഇടവകയും, സീറോ മലബാര് സഭക്ക് യു കെ യില് നേടുവാനുള്ള ശ്രമത്തിനു, അത്മായ കൂട്ടയ്മ്മയായ, കാത്തലിക്ക് ഫോറം മുന്കയ്യെടുക്കും.
നോര്വിച്ചില് തങ്ങളുടെ രണ്ടാമത് കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായും, നോര്വിച്ചിലും പരിസരത്തുമുള്ള എല്ലാ മാര്ത്തോമ്മ കത്തോലിക്കരെയും കുടുംബ സമേതം, ഈ കുടുംബ കൂട്ടായ്മ്മയിലേക്ക് സസ്നേഹം ക്ഷണിക്കുന്നതായും പ്രസിഡന്റ് ടോം ജോസഫ് സാബു, സെക്രട്ടറി ടെല്മ ജോസ് , ട്രഷറര് ആന്റണി തോമസ് എന്നിവര് അറിയിച്ചു.