Breaking Now

നീലപ്പുസ്തകത്തില്‍ നിന്ന് നന്മയുടെ നീലിമയിലേക്ക്

ഗോളത്തിന്റെ സ്പന്ദനം സെക്‌സിലാണെന്ന് പറഞ്ഞ ട്രിവാന്‍ഡ്രം ലോഡ്ജില്‍ നിന്ന് ലോകസ്പന്ദനം നന്മയിലാണെന്ന് ചൊല്ലിപ്പഠിപ്പിക്കുന്നു അനൂപ് മേനോന്‍.

നീലപ്പുസ്തകത്തില്‍ നിന്ന് ബൈബിളിലേക്ക് ചുവടുമാറ്റം. ഇതാണ് ‘ഡേവിഡ് ആന്റ് ഗോലിയാത്ത്’. ‘സ്ഫടിക’ത്തിലെ തോമസ് ചാക്കോ ആടുതോമയും ഓട്ടക്കാലണയുമൊന്നുമാകാന്‍ പോകാതെ ഒരു പള്ളിമേടയിലേക്കാണ് ഒളിച്ചോടിയതെന്ന് കരുതുക. അവിടെ നല്ലവനായ വൈദികന്‍ തോമസ് ചാക്കോയെ സംരക്ഷിക്കുന്നു. ദുര്‍ബലനും നിഷ്‌കളങ്കനുമായി അയാള്‍ വളരുന്നു. ഒറ്റച്ചക്രത്തിന്റെ വിലയുള്ള ഗുണ്ടയാകാതെ ബൈബിള്‍ കഥയിലെ ദാവിദാകുന്നു ചാക്കോ. ആള്‍ക്കൂട്ടത്തെ കണ്ടാല്‍ പേടിയാണ് ദാവീദിന്. മൂക്കില്‍ നിന്ന് രക്തം കിനിയും. പാഴ് വസ്തുക്കളില്‍ നിന്നും ആക്രികളില്‍ നിന്നും യന്ത്രങ്ങളുണ്ടാക്കി ചുറ്റുമുള്ളവരെ അമ്പരപ്പിക്കും ദാവീദ്. പച്ചിലയില്‍ നിന്ന് പെട്രോളുണ്ടാക്കിയ രാമറിനെയും സോപ്പുപെട്ടിയില്‍ റേഡിയോ പാടിച്ച തോമസ് ചാക്കോയെയും മധു മുട്ടത്തിന്റെ ഭരതന്‍ ഇഫക്ടില്‍ ലോകോത്തര കണ്ടുപിടുത്തം നടത്തിയ ഭരതനെയും ദാവീദ് തോല്‍പ്പിക്കും. പള്ളിമേടയില്‍ നിന്ന് ജീവിതത്തിലേക്കെടുത്ത ഫാദര്‍ ജെറാള്‍ഡ് ദാവീദിന് വല്ല്യപ്പച്ഛനാണ്. യേശു ഈശോപ്പച്ചനും.

തിന്മയുടെ മുഖമായ ഗോലിയാത്തിനെ കവണയെറിഞ്ഞ് വീഴ്ത്തിയ ബൈബിള്‍ കഥയിലെ നായകനാണ് ഡേവിഡ്.

അതുകൊണ്ട് തന്നെ ദാവീദിന് കവണയില്‍ കെണിവയ്ക്കാന്‍ ഒരു ഗോലിയാത്ത് പിറക്കണം. പക്ഷേ എന്തുചെയ്യാം, തിരക്കഥയില്‍ ബാലചന്ദ്രമേനോനെയും സംഭാഷണത്തില്‍ പത്മരാജനെയും ഉപാസിക്കുന്ന അനൂപ് മേനോന്‍ പ്രത്യക്ഷപ്പെടണമെങ്കില്‍ സിനിമ തുടങ്ങി പാതിദൂരമെങ്കിലും പിന്നിടണം. അപ്പോള്‍ ഗോലിയാത്തിനെ സ്‌ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ അത്രത്തോളം ക്ഷമിക്കുക തന്നെ.

നന്മയില്‍ തൊട്ടിലാടുന്ന ഡേവിഡ് അനാഥനാകുന്നത് വല്ല്യപ്പച്ഛന്റ അപ്രതീക്ഷിത മരണത്തോടെയാണ്. പുട്ടുകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്ററും ഹീറ്ററുമെല്ലാം ആരൊക്കെയോ തോട്ടിലെറിഞ്ഞു. ഇടവകയുടെയും നാടിന്റെയും വെറുക്കപ്പെട്ടവളായ ജൈനമ്മയുടെ വീട്ടിലേക്ക് കുടിയേറുകയാണ് ഡേവിഡ്. അതിനിടെ പള്ളിയെയും ഈശോപ്പച്ചനെയും വില്‍ക്കാന്‍ ബംഗാളികളുടെ നീക്കം. ഹോ തിരനാടകത്തിലെ നിര്‍ണായകപ്രതിസന്ധി. ഡേവിഡിന് ജീവിക്കണം. ഈശോപ്പച്ചന്‍ പുറമ്പോക്കിലാകരുത്, തുറന്നുവച്ച ജീപ്പില്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പില്‍ താടിയും തടിയുമുള്ള ഗോലിയാത്ത് മുതലാളി വന്നിറങ്ങുകയാണ്. തോട്ടിലെറിഞ്ഞ കണ്ടുപിടിത്തങ്ങളെ ചൂണ്ടയില്‍ കൊരുക്കുന്നു ഗോലിയാത്തായ അനൂപ് മേനോന്റെ സണ്ണി. അപ്പനപ്പൂപ്പന്‍മാര്‍ നീക്കിവച്ച റബ്ബറും കുരുമുളകുമെല്ലാം ഏക്കറിന് വിറ്റുതുലച്ച സണ്ണി ഡേവിഡില്‍ നിന്ന് പുതിയ ജീവിതം കണ്ടെത്തുകയാണ്. പുട്ടുകുറ്റിയിലെ ജനറേറ്ററില്‍ നിന്ന് ലോകത്തെ അമ്പരപ്പിക്കുന്ന കണ്ടുപിടിത്തങ്ങള്‍. നൂറ് കോടി കടന്ന കണ്ടുപിടുത്തങ്ങളെ സ്വന്തം പേരിലാക്കാന്‍ സണ്ണി. ലഭിച്ച സ്‌നേഹത്തിനും സംരക്ഷണത്തിനും മീതെ മറ്റൊന്നും കൊതിക്കാത്ത ഡേവിഡ്. നന്മയും തിന്മയും തമ്മിലുള്ള കാരംസ് കളിയാണ് പിന്നെ. ഒടുവില്‍ കുഴിയില്‍ വീഴ്ത്തിയവനെ കരയിലേക്ക് പിടിച്ച് നന്മയുടെ ഘോഷം. കാലം ഓര്‍മ്മ പുതുക്കുന്ന നേട്ടങ്ങളില്‍ പലതും രക്തവും വിയര്‍പ്പും കുതിര്‍ന്ന കുറേ ത്യാഗങ്ങളാണെന്ന ബൈബിള്‍ പാഠത്തില്‍ സമാപ്തി.

സ്വാര്‍ത്ഥതയുടെ ആള്‍ക്കൂട്ടത്തെ കണ്ടാല്‍ രക്തം വിയര്‍ക്കുന്ന ഡേവിഡ് ക്രിസ്തു തന്നെയാണെന്ന് എത്രവട്ടം വാദിച്ചാലും ഡേവിഡ് ആന്റ് ഗോലിയാത്ത് കണ്ടിരിക്കാവുന്ന പടമാകില്ല.

ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് നാല് ഹ്രസ്വചിത്രങ്ങളെങ്കിലും യൂ ട്യൂബില്‍ സ്വയംപ്രകാശിതമാകുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നവസാങ്കേതികസൗകര്യങ്ങളെ ഗ്രഹിച്ച് മലയാളസിനിമ കാലത്തിനൊത്ത് വേഗം കൂട്ടിയപ്പോഴാണ് കുട്ടിസിനിമകളും കൂട്ടത്തിലോടിത്തുടങ്ങിയത്. മാസത്തില്‍ കുറഞ്ഞത് ഇരുപത് കുട്ടിസിനിമകളും പത്തിലേറെ വലിയ സിനിമകളും കാഴ്ചക്കാരെ തെരയുന്നുവെന്ന് ചുരുക്കം. വലിയ സിനിമകളോട് മത്സരിക്കുന്ന കുട്ടിസിനിമകളും ഏറെയുണ്ട് കൂട്ടത്തില്‍. അപ്പോഴാണ് ഒരു ഹ്രസ്വചിത്രത്തിന് മാത്രം സാധ്യതയുള്ള തിരക്കഥയെ നീട്ടിനടത്തി ഡേവിഡ് ആന്റ് ഗോലിയാത്താക്കിയത്.

നന്മയുടെ വീഞ്ഞില്‍ മുക്കി പുറംപൂച്ചുകളുടെ ചാരായം കുടിപ്പിക്കാനുള്ള ശ്രമം. പതിഞ്ഞ ശബ്ദത്തിലും ഉറച്ച ശബ്ദത്തിലും ബൈബിള്‍ വചനങ്ങള്‍. ആഭാസാഘോഷങ്ങളുടെ ലോഡ്ജിറങ്ങി പള്ളിമുറ്റത്തേക്ക് കയറിയുള്ള കുമ്പസാരമാണിത്. ഏതായാലും പള്ളിമുറ്റത്തും ഈശോപ്പച്ചന്  മുന്നിലും നിന്നുതിരിയുന്നതല്ലാതെ ജെറാള്‍ഡ് അച്ചനും കപ്യാരും ദാവീദുമൊന്നും പള്ളിക്കകത്തേക്ക് കയറുന്നില്ല. പള്ളീല്‍ കയറാതെ പറമ്പില്‍ ചുറ്റിയാല്‍ പിന്നെ ജെറാള്‍ഡ് അച്ചനെ പാമ്പ് കടിക്കില്ലേ എന്ന് പ്രേക്ഷകരും സംശയിച്ചുപോകും. തോട്ടില്‍ ചൂണ്ടയിട്ട് ഇരയെ കാത്തിരിക്കുന്ന അനൂപ് മേനോന്റെ ഗോലിയാത്താകട്ടെ ആട് തോമയുടെയും സേതുമാധവന്റെയും മാത്രമല്ല സേതുരാമയ്യരുടെ വരെ ഉപാസകനാണ്. പുട്ടുകുറ്റിയിലെ കടമുദ്ര നോക്കിയാണ് ഇക്കണ്ട അത്ഭുതങ്ങളുടെ കണ്ടുപിടിത്തക്കാരനെ സണ്ണി കണ്ടെത്തിയത്.

വാര്‍ക്കപ്പണിക്ക് പോകുന്ന പാവം തമിഴ്‌തൊഴിലാളിയാകട്ടെ വില്ലനും പെണ്ണുപിടിയനുമാകണമെന്ന് ശാഠ്യം പിടിക്കുന്ന ചിത്രം.

ട്രിവാന്‍ഡ്രം ലോഡ്ജില്‍ ലോഡ്ജ് പൊളിക്കുമ്പോള്‍ കിടപ്പാടം നഷ്ടമായ നായകന്‍, ഇവിടെ പള്ളി പൊളിക്കുമ്പോള്‍ കൂട് പോയ നായകന്‍. ‘ദൈവത്തിരുമകനി’ലെ വിക്രമിന്റെ കഥാപാത്രത്തെ പോലിരിക്കും കാഴ്ചയില്‍ ഡേവിഡ്. അബ്ദുവിന് ശേഷം ജയസൂര്യയുടെ പക്വത അനുഭവപ്പെടുത്തിയ പ്രകടനമാണ്. സ്വന്തം തിരക്കഥയില്‍ മറ്റ് സിനിമകളെക്കാള്‍ നന്നായി അഭിനയിക്കുന്ന അനൂപ് മേനോന്‍ തിരക്കഥയില്‍ കാട്ടിയതിനേക്കാള്‍ ഉഴപ്പ് പ്രകടനത്തില്‍ കാഴ്ച വച്ചു. ആദ്യ പകുതിയില്‍ സൗമ്യ എന്ന നായികയും രണ്ടാം പകുതിയില്‍ അനുമോളും. ദുശീലങ്ങളൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി ജീവിക്കാന്‍ വെമ്പുന്ന രണ്ട് പാവം നായികമാര്‍. വീട്ടില്‍ നന്മയേറെയുള്ള ചെറുപ്പക്കാരനെത്തിയിട്ടും അവിഹിതചിന്തയില്ല ദീപയ്ക്ക്.

 

 

 
കൂടുതല്‍വാര്‍ത്തകള്‍.