
















രാജ്യത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന വാദങ്ങള്‍ ഉന്നയിക്കുന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് തിരിച്ചടി നല്‍കി ഔദ്യോഗിക കണക്കുകള്‍.യുകെ സാമ്പത്തിക വളര്‍ച്ച മൂന്നാം പാദത്തില്‍ മെല്ലെപ്പോക്കിലാണെന്ന സ്ഥിരീകരണമാണ് ചാന്‍സലര്‍ക്ക് ഷോക്കായി മാറുന്നത്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 0.1 ശതമാനമായിരുന്നു. രണ്ടാം പാദത്തേക്കാള്‍ ദുര്‍ബലമായ വളര്‍ച്ചയാണ് ഇതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ജാഗ്വാര്‍ ലാന്‍ഡ് റോവലില്‍ നേരിട്ട സൈബര്‍ അക്രമണം മൂലം മാനുഫാക്ചറിംഗ് മേഖലയില്‍ സ്തംഭനാവസ്ഥ നേരിട്ടതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു.
കൂടാതെ മുന്‍പത്തെ മൂന്ന് മാസങ്ങളില്‍ ആദ്യം വിചാരിച്ചതിലും മോശമായിരുന്നു ഉത്പാദനവും. ജൂണ്‍ വരെ മൂന്ന് മാസങ്ങളില്‍ ജിഡിപി 0.2% മാത്രമാണ് വികസിച്ചത്. മുന്‍പത്തെ കണക്കുകള്‍ 0.3% കാണിച്ചടിരുന്നതാണ് ഇപ്പോള്‍ റിവൈസ് ചെയ്ത് താഴ്ത്തിയിരിക്കുന്നത്. എന്നിരുന്നാലും യുകെ ജി7 രാജ്യങ്ങളില്‍ വേഗത്തില്‍ വഴരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ്. 
വളര്‍ച്ച കുറയുന്നുവെന്ന മുന്‍ ചിത്രം തന്നെയാണ് പുതിയ അപ്‌ഡേറ്റും സ്ഥിരീകരിക്കുന്നതെന്ന് ഒഎന്‍എസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് തൊഴിലില്ലായ്മ അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതായി വാര്‍ത്ത പുറത്തുവന്നത്. ഒക്ടോബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തില്‍ മാത്രമാണ് നില്‍ക്കുന്നത്. ലേബര്‍ വിപണി ദുര്‍ബലമാകുന്നതിന്റെ കൂടുതല്‍ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഗ്രാജുവേഷന്‍ നേടിയവര്‍ക്കുള്ള തൊഴില്‍ പരസ്യങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്നാണ് കണക്കുകള്‍. യുവ ജോലിക്കാരെ എടുക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ ചാന്‍സലര്‍ ഉയര്‍ത്തിയതാണ് ഈ തിരിച്ചടിയില്‍ കലാശിച്ചത്. രാജ്യത്തിന്റെ നികുതി ഭാരം ഉയര്‍ത്തിയതിന് വിമര്‍ശനം നേരിടുന്ന റീവ്‌സിന് പുതിയ കണക്കുകള്‍ സമ്മര്‍ദമാണ്.