
















അഞ്ച് ദിവസത്തെ പണിമുടക്ക് അവസാനിപ്പിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. എന്നാല്‍ പുതുവര്‍ഷത്തില്‍ കൂടുതല്‍ സമരങ്ങള്‍ ഒഴിവാക്കാനുള്ള ഉദ്ദേശത്തോടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
പുരോഗമനപരമായ നിലപാടുമായി ചര്‍ച്ചയ്ക്ക് എത്താനാണ് വെസ് സ്ട്രീറ്റിംഗിനെ ബിഎംഎ ഉപദേശിക്കുന്നത്. കഴിഞ്ഞ പണിമുടക്ക് ഒഴിവാക്കാന്‍ അവസാന നിമിഷം കാണിച്ച ആവേശം പ്രോത്സാഹനകരമായിരുന്നുവെങ്കില്‍ സമയം വൈകിയിരുന്നുവെന്നാണ് ബിഎംഎ നിലപാട്.
ചര്‍ച്ചകളില്‍ തിരിച്ചെത്തുമെന്ന സൂചന സ്ട്രീറ്റിംഗും മുന്നോട്ട് വെച്ചു. 2026-ല്‍ എന്‍എച്ച്എസില്‍ ഒരു ദിവസം പോലും സമരം നടക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ആവുന്നതെല്ലാം ചെയ്യും. തുടര്‍ച്ചയായി തടസ്സം സൃഷ്ടിക്കുന്ന ഈ നടപടികള്‍ക്ക് അവസാനം കുറിയ്ക്കാന്‍ പുതുവര്‍ഷത്തില്‍ ബിഎംഎയുമായി ചര്‍ച്ച പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്, സ്ട്രീറ്റിംഗ് പറഞ്ഞു.
ഫ്‌ളൂ സീസണ്‍ കൊണ്ടുപിടിച്ച് അരങ്ങേറുമ്പോള്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന രൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രിയും, ഹെല്‍ത്ത് സെക്രട്ടറിയും മുന്നോട്ട് വെച്ചത്. എന്നിരുന്നാലും അഞ്ച് ദിവസത്തെ പണിമുടക്ക് അവസാനിച്ചപ്പോള്‍ സ്ട്രീറ്റിംഗും, ബിഎംഎയും സ്വരം മയപ്പെടുത്തിയെന്നത് ജനങ്ങളെ സംബന്ധിച്ചും, എന്‍എച്ച്എസ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ക്കും ആശ്വാസമാണ്.
26% ശമ്പളവര്‍ദ്ധനവാണ് റസിഡന്റ് ഡോക്ടര്‍മാര്‍ക്കായി ബിഎംഎ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ദ്ധന നേടിയ ഡോക്ടര്‍മാര്‍ ഇക്കുറിയും ഭീമന്‍ വര്‍ദ്ധനവാണ് ചോദിക്കുന്നത്. അതേസമയം എന്‍എച്ച്എസ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാമമാത്രമായ വര്‍ദ്ധന നല്‍കി ഒതുക്കാന്‍ ഗവണ്‍മെന്റ് വിജയിച്ചിരുന്നു. ഈ വര്‍ഷം അത് ആവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.