Breaking Now

കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനിടെ തൊഴിലാളി കുഴിയിലേക്ക് താഴ്ന്നുപോയി.

കുഴിയില്‍നിന്ന് പുറത്തെടുത്ത കോതപറമ്പ് പാമ്പിനേഴത്ത് അര്‍ഷാദിനെ (22) താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 10.15 ഓടെ താലൂക്ക് സര്‍ക്കാര്‍ ആസ്പത്രിയിലാണ് സംഭവം. ആസ്പത്രിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ശതാബ്ദിസ്മാരക വാര്‍ഡിന്റെ മുന്‍ഭാഗത്തെ ഒരു മൂലയില്‍ ആണ് കുഴല്‍ക്കിണര്‍ കുഴിച്ചിരുന്നത്. മറ്റ് രണ്ട് ജോലിക്കാരായ അനന്തകൃഷ്ണന്‍, സലാം എന്നിവരോടൊപ്പം അര്‍ഷാദ്കുഴിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. 13 അടിയോളം താഴ്ചയില്‍ മണ്ണ് മാറ്റിയ കുഴിയില്‍നിന്ന് വലിയ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മണ്ണ് പുറത്തേക്ക് ഇടുന്നതിനിടെ ഇളകിയ മണ്ണില്‍ താഴ്ന്ന്പുതയുകയായിരുന്നു യുവാവ്.

കഴുത്തുവരെ മണ്ണിലേക്ക് താഴ്ന്നുപോയ അര്‍ഷാദിനെ മറ്റ് തൊഴിലാളികള്‍ വലിച്ച് പുറത്തേക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്ഥലത്ത് എത്തിയ പോലീസും ഏറെ ശ്രമം നടത്തി. ഇതിനിടെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് കുഴിക്ക് വീതികൂട്ടി തൊഴിലാളിയുടെ കൈകള്‍ പുറത്ത് എടുക്കുകയും തലയ്ക്ക് മുകളിലുണ്ടായിരുന്ന മണ്ണ് നീക്കം ചെയ്യുകയും ചെയ്തു. അവശതയിലായിരുന്ന തൊഴിലാളിക്ക് ഗ്ലൂക്കോസ് നല്‍കി. ശരീരത്തിന്റെ പകുതിഭാഗംവരെ മൂടിയ മണ്ണ് അഗ്‌നിശമനസേനാംഗങ്ങള്‍ നീക്കിയശേഷം തൊഴിലാളിയുടെ ദേഹത്ത് വടം കെട്ടി പൊക്കിയെടുത്തു. തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് ആയിരക്കണക്കിന് ജനങ്ങളാണ് ആസ്പത്രി വളപ്പിലെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.