മക്കളോട് എന്ത് കാര്യം പറയാനും ഇന്ന് മാതാപിതാക്കള്‍ അല്‍പ്പം ഭയം തന്നെയാണ്. അവരുടെ പ്രതികരണം ഏത് തരത്തിലാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്തതാണ് ഈ ആശങ്കയ്ക്ക് കാരണവും. രാത്രി മൊബൈല്‍ഫോണിന്റെ ഉപയോഗം കൂടുന്നതിന്റെ പേരില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതും, ഇത് നിരാകരിച്ച് സ്‌കൂളില്‍ ഫോണ്‍ കൊണ്ടുപോയതിന് പിടിക്കപ്പെടുകയും ചെയ്തതിന്റെ വിഷമത്തിലാണ് 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.
മൊബൈല്‍ ഫോണില്‍ രാത്രിയിരുന്ന് കളിച്ച് കൊണ്ടിരിക്കാതെ ഉറങ്ങാനായി ഡിവൈസുകള്‍ താഴത്തെ മുറിയില്‍ സൂക്ഷിക്കണമെന്നായിരുന്നു കീലന്‍ ഗ്രോവ്‌സിനോടും, ഇളയ സഹോദരനോടും മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മെയ് 17ന് ഫോണ്‍ താഴത്തെ നിലയിലെ മുറിയില്‍ വെയ്ക്കാന്‍ വൈകി, തിരികെ ഫോണുമായി തന്നെ മുറിയിലേക്ക് പോയ ഗ്രോവ്‌സ് പിറ്റേന്ന് സ്‌കൂളിലേക്കും ഫോണുമായാണ് പോയത്. സ്‌കൂളില്‍ ഫോണ്‍ കണ്ടെടുക്കുകയും ചെയ്തു.
മെയ് 18ന് വീട്ടിലെത്തിയ ഗ്രോവ്‌സ് അമ്മയോട് തെറ്റ് പറ്റിയതില്‍ മാപ്പ് പറയുകയും ചെയ്തു. പക്ഷെ കാര്യങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല. ലങ്കാഷയര്‍ ഫഌറ്റ്‌വുഡിലെ വീട്ടിലെ കിടപ്പുമുറിയില്‍ മകന്‍ തൂങ്ങിമരിച്ച് കിടക്കുന്നതാണ് പിതാവ് രാത്രി കാണുന്നത്. ഇവനെ രക്ഷപ്പെടുത്തി ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലും, പിന്നീട് മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്കും എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരിച്ചു. ഫഌറ്റ്‌വുഡ് ഹൈസ്‌കൂളില്‍ 10-ാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ഗ്രോവ്‌സ് നല്ലൊരു സംഗീതകാരന്‍ കൂടിയായിരുന്നു. ഒറു ലോക്കല്‍ ബാന്‍ഡില്‍ ഡ്രംസ് വായിച്ചിരുന്നു.
വര്‍ഷങ്ങളായി രാത്രിയില്‍ ഫോണ്‍ മാറ്റിവെയ്ക്കണം എന്ന ശീലം തുടര്‍ന്നിരുന്നതായി ഇന്‍ക്വസ്റ്റില്‍ പിതാവ് വ്യക്തമാക്കി. പക്ഷെ സംഭവദിവസം ഫോണ്‍ പിടിച്ചെടുത്ത സംഭവം കൂടി നടന്നതോടെ മകന്റെ മനസ്സിന് എന്ത് സംഭവിച്ചെന്ന് ഇപ്പോഴും മാതാപിതാക്കള്‍ക്ക് മനസ്സിലായിട്ടില്ല.