ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഓണ്‍ലൈനില്‍ നിന്നും നൂറുകണക്കിന് പ്രായം തികയാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് പറഞ്ഞത് ഞെട്ടിക്കുന്ന ന്യായീകരണം. കൊവിഡ് ഫ്രണ്ട്‌ലൈനിലെ സേവനം ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത സമ്മര്‍ദം സമ്മാനിച്ചപ്പോള്‍ ചെയ്തുപോയതാണെന്നാണ് ഡോക്ടറുടെ ന്യായീകരണം.
കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് 41-കാരന്‍ പോള്‍ സ്ടര്‍ച്ചാണ് ഓണ്‍ലൈന്‍ ചാറ്റിനിടെ പോലീസ് വലയില്‍ വീണത്. നാല് വയസ്സ് വരെയുള്ള പെണ്‍കുഞ്ഞുങ്ങളില്‍ ലൈംഗിക താല്‍പര്യം പ്രകടിപ്പിച്ച് ഓണ്‍ലൈനില്‍ ചാറ്റില്‍ ഏര്‍പ്പെട്ടത് ഒരു അണ്ടര്‍കവര്‍ പോലീസ് ഓഫീസറോടാണെന്ന് ഡോക്ടര്‍ തിരിച്ചറിഞ്ഞത് പിടിവീണപ്പോഴാണ്.
വാന്‍ഡ്‌സ്‌വര്‍ത്തിലെ ഹിച്ച് ക്വേയിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഡോക്ടറുടെ തെയിംസൈഡ് അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് റെയ്ഡ് നടത്തിയാണ് അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന മെമ്മറി സ്റ്റിക്ക് നശിപ്പിക്കാന്‍ സ്ടര്‍ച്ച് ശ്രമിച്ചിരുന്നു. സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 17 വരെ കാലയളവില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച മൂന്ന് കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചു.
എന്നാല്‍ കൊവിഡ് ഫ്രണ്ട്‌ലൈന്‍ സേവനങ്ങള്‍ മൂലം മാനസികാരോഗ്യം തകര്‍ന്നിരുന്നുവെന്ന് കിംഗ്‌സ്റ്റണ്‍ അപ്പോണ്‍ തെയിംസ് ക്രൗണ്‍ കോടതി വിചാരണയില്‍ വാദം മുന്നോട്ട് വെച്ചു. കൊവിഡ്-19 മഹാമാരിക്കിടെ ജീവനുകള്‍ രക്ഷിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച ഡോക്ടറുടെ മാനസിക ആരോഗ്യം മോശമാകുകയായിരുന്നുവെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചു.
തന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഡോക്ടര്‍ ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് കോടതിക്ക് ഉറപ്പിക്കാമെന്നും വക്കീല്‍ അറിയിച്ചു. ആറ് മാസത്തെ ജയില്‍ശിക്ഷ വിധിച്ച കോടതി ഇത് 18 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഏഴ് വര്‍ഷത്തേക്ക് ഇയാള്‍ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ പ്രവേശിപ്പിക്കാനും ഉത്തരവ് നല്‍കി. ഇതിനിടെ പ്രൊഫഷണില്‍ അച്ചടക്ക നടപടികളും നേരിടേണ്ടി വരും.