രാജ്യം മാറിയത് അറിയാതെ ലൈംഗിക പീഡനത്തിന് ഇറങ്ങിയ ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാരന്‍ കുരുക്കില്‍. എയര്‍ ഹോസ്റ്റസിനെ മദ്യലഹരിയില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തില്‍ ക്രൂ അംഗം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള 12 മണിക്കൂര്‍ യാത്ര പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സംഭവങ്ങള്‍. ഡ്യൂട്ടി കഴിഞ്ഞ മദ്യപാന പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമാണ് ഇയാള്‍ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പറയപ്പെടുന്നു.
ഈ ആഴ്ച ആദ്യമാണ് സിംഗപ്പൂരില്‍ സംഭവങ്ങള്‍ നടന്നത്. സീനിയര്‍ വനിതാ ഫ്‌ളൈറ്റ് അറ്റന്‍ഡന്റാണ് പരാതിക്കാരി. പീഡന ആരോപണം ഉന്നയിച്ച യുവതിയെ ക്രൂ അംഗങ്ങള്‍ താമസിക്കുന്ന ദി ജെന്‍ ടാംഗ്ലിന്‍ ഹോട്ടലില്‍ നിന്നും മറ്റൊരു ഹോട്ടലിലേക്ക് മാറ്റിത്താമസിപ്പിച്ചു. സിംഗപ്പൂരില്‍ നിന്നും ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പോകേണ്ട വിമാനത്തില്‍ ഡ്യൂട്ടി തുടരാന്‍ ഈ രണ്ട് അംഗങ്ങള്‍ക്കും സാധിച്ചിട്ടില്ല. അറസ്റ്റിലായ ജീവനക്കാരന്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. സിംഗപ്പൂരില്‍ പീഡനക്കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ ജയില്‍ശിക്ഷയും, 12 ചാട്ടവാറടിയുമാണ് ശിക്ഷ.
പെട്ടെന്നുണ്ടായ സംഭവവികാസങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബ്രിട്ടീഷ് എയര്‍വേസ് ഒരു മാനേജറെ ഇവിടേക്ക് അയച്ചിട്ടുണ്ട്. പകരം ക്രൂ അംഗങ്ങളെ നിയോഗിച്ച് വിമാനത്തിന്റെ തുടര്‍യാത്ര ക്രമീകരിച്ചതായും വക്താക്കള്‍ അറിയിച്ചു. എയര്‍ലൈന്റെ മിക്‌സഡ് ഫഌറ്റ് ക്രൂ അംഗങ്ങളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്നാണ് വിവരം. താരതമ്യേന ചെറുപ്പക്കാരായ ജീവനക്കാരാണ് ഈ അംഗങ്ങള്‍. സീനിയര്‍ ക്രൂ അംഗങ്ങളേക്കാള്‍ കുറഞ്ഞ ശമ്പളത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. മിക്‌സഡ് ക്രൂ യാത്രകളില്‍ മദ്യപിച്ചുള്ള പ്രശ്‌നങ്ങള്‍ മോശം അവസ്ഥയിലേക്ക് നീങ്ങുന്നതായി ബിഎ മാനേജര്‍മാര്‍ ജീവനക്കാര്‍ക്ക് കത്തയച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബ്രിട്ടീഷ് എയര്‍വേസിന്റെ അന്തസ്സിനെ കെടുത്തുകയും, യാത്രക്കാര്‍ക്ക് ഫസ്റ്റ് ക്ലാസ് സേവനം നല്‍കുന്ന രീതിയെയും ഈ പ്രശ്‌നങ്ങള്‍ ഹാനികരമായി ബാധിക്കുന്നുവെന്ന് മാനേജര്‍മാര്‍ ആരോപിച്ചിരുന്നു. പീഡനത്തിന് ഇരയായ ജീവനക്കാരിക്ക് സര്‍വ്വപിന്തുണയും നല്‍കുകയാണെന്ന് ബിഎ വക്താവ് കൂട്ടിച്ചേര്‍ത്തു. പോലീസ് അന്വേഷണവും പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്.