ലിവര്‍പൂള്‍ വുമണ്‍സ് ആശുപത്രിയില്‍ നൂറുകണക്കിന് കുഞ്ഞുങ്ങളെ ഈ ലോകത്തേക്ക് വരവേല്‍ക്കുമ്പോള്‍ സഹായിക്കാന്‍ ആ നഴ്‌സ് ഉണ്ടായിരുന്നു. പക്ഷെ ഇനി നഴ്‌സിംഗ് രംഗത്ത് തന്നെ ഇവരെ കണ്ടുകിട്ടാന്‍ സാധിക്കുമോ എന്ന് ഉറപ്പ് പറയാന്‍ കഴിയാത്ത സാഹചര്യമാണ്. ഗര്‍ഭം ധരിച്ചെത്തിയ യുവതിയുടെ കാമുകനുമായി പ്രണയത്തിലായതും, കറങ്ങിയതുമാണ് ജോവാന്‍ ലൂംസ്‌ഡെന് പാരയായത്. പ്രസവം കഴിഞ്ഞ ആശ്വാസത്തിലും സന്തോഷത്തിലും ഇരിക്കുന്ന അമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പരാതിയായി ആശുപത്രിക്ക് മുന്നിലെത്തിയത്.
ലിവര്‍പൂള്‍ വുമണ്‍സ് ഹോസ്പിറ്റലിലെ സേവനത്തിനിടെയായിരുന്നു ജോവാന്‍ ഈ ഇടപാട് നടത്തിയത്. പ്രസവിക്കാനെത്തിയ യുവതിയുടെ കാമുകനുമായി പ്രണയത്തിലായത് സേവനത്തിലെ താല്‍പര്യങ്ങളിലെ വീഴ്ചയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മകളെ പ്രസവിച്ചതിന്റെ സന്തോഷം ഒരു നിമിഷം കൊണ്ട് നഴ്‌സിന്റെ വാക്കുകള്‍ ആവിയാക്കിക്കളഞ്ഞെന്ന് അമ്മ പരാതിപ്പെടുന്നു. ബെനിഡോമിലേക്കുള്ള ഒരു യാത്രക്കിടെയാണ് പ്രണയം സംഭവിച്ചതെന്നാണ് ലൂംസ്‌ഡെന്‍ വെളിപ്പെടുത്തി. സംഭവത്തില്‍ അച്ചടക്കനടപടി നേരിടുകയാണ് ഈ നഴ്‌സ്. ആശുപത്രിയിലെ ജോലിയും ഇതിന്റെ പേരില്‍ തെറിച്ചു.
പ്രസവം കഴിഞ്ഞ് അടുത്ത ദിവസമാണ് ലൂംസ്‌ഡെന്‍ കാമുകനൊപ്പം കറങ്ങിയെന്ന വാര്‍ത്തയുമായി അമ്മയ്ക്ക് അരികിലെത്തുന്നത്. കാമുകന്റെ പുറത്ത് സണ്‍ക്രീം പുരട്ടിക്കൊടുത്തെന്ന് വെളിപ്പെടുത്തി നഴ്‌സ് പിന്നീട് വിളിച്ച് കഥകള്‍ പൂര്‍ണ്ണമായി വിശദീകരിക്കുകയായിരുന്നു. 'അമ്മയായി ഏതാനും മണിക്കൂറുകള്‍ തികഞ്ഞിരുന്നുള്ളൂ. എന്നാല്‍ ആ സന്തോഷത്തില്‍ നിന്നും ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത ദുഃഖത്തിലേക്ക് നിമിഷങ്ങള്‍ കൊണ്ട് വഴുതിവീണു', യുവതി പറയുന്നു. കുടുംബം തകര്‍ക്കുന്നതായിരുന്നു നഴ്‌സിന്റെ നടപടി. പ്രസവസമയത്ത് ഇവര്‍ കൂടെ തന്നെ ഉണ്ടായിരുന്നു. തന്റെ കുഞ്ഞിന്റെ പിതാവിനൊപ്പം ലൈംഗികതയില്‍ ഏര്‍പ്പെട്ട ഒരാളാണ് മകളെ ആദ്യമായി കൈയിലെടുത്തതെന്നത് ജീവിതകാലം മുഴുവന്‍ മറക്കാത്ത ഓര്‍മ്മയാണ്, യുവതി കൂട്ടിച്ചേര്‍ത്തു.
സ്‌കാനിംഗില്‍ നിന്നും മറ്റും മുങ്ങിയ കാമുകന്‍ പ്രസവസമയത്തും അടുത്തുണ്ടായില്ല. ഈ പെരുമാറ്റത്തില്‍ യുവതിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇതിനാണ് നഴ്‌സ് ഉറപ്പ് നല്‍കിയത്. ലിവര്‍പൂള്‍ വുമണ്‍സ് ട്രസ്റ്റിന് ഇതിന്റെ പേരില്‍ യുവതി പരാതി നല്‍കിയിട്ടുണ്ട്. നഴ്‌സിംഗ് മിഡ്‌വൈഫറി കൗണ്‍സില്‍ അച്ചടക്കനടപടികളുമായി മുന്നോട്ട് പോകുമെന്നും ട്രസ്റ്റ് വ്യക്തമാക്കി.