വ്യാഴാഴ്ച ബാന്‍ബറിയിലുണ്ടായ കാര്‍ അപകടത്തില്‍ മരിച്ച മലയാളി രാജീവ് മാത്യു ഓടിച്ചിരുന്ന കാര്‍ അപകടത്തിന് മുമ്പ് നിയന്ത്രണം നഷ്ടമായിരുന്നതായി പോലീസ്. വളവില്‍ നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ കര്‍ബില്‍ കയറി എതിരെയെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എതിരെ വന്ന കാര്‍ ഓടിച്ചിരുന്ന വൃദ്ധന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നാണ് സൂചന. രാജീവ് മാത്യുവിന് 37 വയസ്സായിരുന്നു.
അപകടത്തെ തുടര്‍ന്ന് പോലീസ് ലണ്ടന്‍ എംബസി ആസ്ഥാനം മുഖേന ഇന്ത്യയില്‍ ബന്ധപ്പെട്ടാണ് വിശദാംശങ്ങള്‍ കണ്ടെത്തിയത്.ടൊയോട്ടയുടെ ചെറിയ ഓറിസ് എന്ന കാറാണ് രാജീവ് ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നിരുന്നു. ഡ്രൈവിങ് സീറ്റിനോട് ചേര്‍ന്നാണ് ഇടി സംഭവിച്ചത് എന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇടിയുടെ ആഘാതേേമല്‍ക്കുകയായിരുന്നു.
ജോലി നഷ്ടമായിരുന്ന രാജീവ് അടുത്ത കാലത്താണ് വീണ്ടും ജോലി നേടിയത്. ഗുജറാത്തിലെ കച്ചിലാണ് രാജീവിന്റെ കുടുംബം . ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന രാജീവിന്റെ ഭാര്യ ശില്‍പ , മകള്‍ നാലു വയസ്സുള്ള അനുഷ്‌ക സൂസന്‍ രാജീവ് എന്നിവര്‍ രാജീവിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം ഗുജറാത്തിലാണ് താമസം. ഭാര്യയും മകളും കുറച്ചുകാലം മുമ്പുവരെ യുകെയിലുണ്ടായിരുന്നു. നാട്ടില്‍ നല്ല ജോലി റെഡിയായതോടെ ഭാര്യ നാട്ടിലേക്ക് പോകുകയായിരുന്നു.
കുടുംബം നാട്ടിലേക്ക് പോയതിനെ തുടര്‍ന്ന് രാജീവ് യുകെയില്‍ ഒറ്റക്കായിരുന്നു. ബറൂച്ച് ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് അംഗമാണ് രാജീവിന്റെ പിതാവ് മാത്യു വര്‍ഗീസ്.
അപകടത്തെ തുടര്‍ന്ന് കാറില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് ഫോണ്‍ ലഭിക്കുകയും വിശദമായ പരിശോധനയിലൂടേയും ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയുമാണ് ആളെ തിരിച്ചറിഞ്ഞത്.