നടുറോഡില്‍ വെച്ച് കാറിന്റെ പെട്രോള്‍ തീര്‍ന്നുപോയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ സഹയാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ പ്രഖ്യാപിച്ച് കോടതി. യുകെയില്‍ ആദ്യമായാണ് പെട്രോള്‍ തീരുമെന്ന് അറിഞ്ഞിരുന്നിട്ടും ഇന്ധനം നിറയ്ക്കാതെ അപകടം സൃഷ്ടിച്ചതിന്റെ പേരില്‍ ഒരാള്‍ക്ക് ശിക്ഷ വിധിക്കുന്നത്.
എസെക്‌സില്‍ എം25ല്‍ വെച്ചാണ് 33-കാരി ടാമി ലാംഗ്ടണ്‍ ഓടിച്ചിരുന്ന കാറിന്റെ ഇന്ധനം കാലിയായത്. പിന്നാലെയെത്തിയ സ്‌കാനിയ ലോറി ഇടിച്ചുകയറിയതോടെ കാറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന ബന്ധു 35 വയസ്സുള്ള ലോറാ കൂപ്പര്‍ കൊല്ലപ്പെട്ടു. അപകടകരമായ ഡ്രൈവിംഗ് എന്ന കേസില്‍ നിന്നും നേരത്തെ തന്നെ ടാമിയ്ക്ക് ക്ലിയറന്‍സ് നല്‍കിയിരുന്നെങ്കിലും സഹയാത്രികയുടെ മരണത്തിന് ഇടയാക്കിയ കുറ്റം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
പെട്രോള്‍ തീര്‍ന്നുപോയെന്ന കുറ്റത്തിന് കേസെടുക്കുന്ന ആദ്യത്തെ സംഭവമാണിത്. ആവശ്യത്തില്‍ കൂടുതല്‍ കഞ്ചാവ് വലിച്ച് കയറ്റിയാണ് ഇവര്‍ വാഹനം ഓടിച്ചിരുന്നത്. സംഗതി സത്യമാണെങ്കിലും രണ്ട് ദിവസം മുന്‍പാണ് ഇത് വലിച്ചതെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. എന്നാല്‍ കാര്‍ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് ടാമിയും, ലോറയും കഞ്ചാവ് പങ്കിട്ട് വലിച്ചതായി പ്രോസിക്യൂഷന്‍ വാദിച്ചു. ലെസ്റ്ററിലേക്കുള്ള യാത്രക്കിടെയും ഒന്ന് പുകയെടുത്തു.
പുലര്‍ച്ചെ ആവശ്യത്തിന് വെളിച്ചമില്ലാത്ത സ്ഥലത്ത് നിന്ന് പോയതോടെയാണ് അപകടം ഉണ്ടായതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.