മോഷ്ടാവെന്ന് സംശയിക്കുന്ന വ്യക്തിയെ കുത്തിക്കൊന്ന കേസില്‍ കൊലപാതകം നടത്തിയെന്ന് ആരോപിച്ച് വീട്ടുടമസ്ഥനായ 78-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഹിതര്‍ ഗ്രീന്‍ പ്രദേശത്തെ വീട്ടിലാണ് രണ്ട് മോഷ്ടാക്കള്‍ അതിക്രമിച്ച് കടന്നത്. പുലര്‍ച്ചെ 12.45നായിരുന്നു സംഭവങ്ങള്‍.
വീട്ടില്‍ അതിക്രമിച്ച് കടന്നതിന് പിന്നാലെ വീട്ടുമസ്ഥനുമായി മോഷ്ടാക്കള്‍ പിടിവലിയിലായി. ഒരു കള്ളന്‍ വീടിന്റെ മുകള്‍ നിലയിലേക്ക് കയറിപ്പോയി. ഈ സമയത്ത് സഹ മോഷ്ടാവ് വീട്ടുടമസ്ഥനെ അടുക്കളയിലേക്ക് തള്ളിമാറ്റി. 38-കാരനായ ഈ മോഷ്ടാവിന്റെ കൈയില്‍ സ്‌ക്രൂഡ്രൈവര്‍ ആയുധമായി ഉണ്ടായിരുന്നു.
ഇവര്‍ തമ്മിലുള്ള പിടിവലിയ്ക്കിടെ മോഷ്ടാവിന് മുറിവേല്‍ക്കുകയായിരുന്നു. സെന്‍ഡ്രല്‍ ലണ്ടന്‍ ആശുപത്രിയിലേക്ക് ഇയാളെ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതോടെ ലണ്ടനില്‍ ഈ വര്‍ഷത്തെ 50-ാമത്തെ കൊലപാതകമാണ് അരങ്ങേറിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ സഹമോഷ്ടാവ് സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു.
വീട്ടുടമയ്ക്കും മുറിവേറ്റിട്ടുണ്ടെങ്കിലും പരുക്കുകള്‍ സാരമല്ലെന്ന് പോലീസ് പറഞ്ഞു. സ്വന്തം വീട് സംരക്ഷിച്ച കുറ്റത്തിന് അയല്‍ക്കാരനെ കസ്റ്റഡിയിലെടുത്തതിന്റെ രോഷത്തിലാണ് പ്രദേശവാസികള്‍.