മോഷ്ടാക്കളുടെ സംഘം കോ-ഓപ്പില്‍ അതിക്രമിച്ച് കടന്ന് പണം കവര്‍ച്ച നടത്തിയ ശേഷം ജീവനക്കാരെ അക്രമിച്ച് സ്ഥലംവിട്ടു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സെയിലില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സ്റ്റോറിനുള്ളില്‍ രണ്ട് മോഷ്ടാക്കള്‍ സെല്‍ഫ് സര്‍വ്വീസ് ടില്ലുകള്‍ കൊള്ളയടിച്ച് പണം കൈക്കലാക്കിയ ശേഷം ജീവനക്കാരെ അക്രമിക്കുകയായിരുന്നു.
സ്റ്റോറില്‍ എത്തിയ മോഷണസംഘം ജീവനക്കാരെ പിടികൂടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ബലം പ്രയോഗിച്ച് ബാക്ക് റൂമിലേക്ക് ഇവരെ നീക്കി. ഇവിടെ നിന്നും പണം മോഷ്ടിച്ച ശേഷം സംഘം സെല്‍ഫ് സര്‍വ്വീസ് ടില്ലുകള്‍ തുറക്കാനും ആവശ്യപ്പെട്ടു. ഇതില്‍ നിന്നും കൂടുതല്‍ പണം കൈക്കലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
മോഷണം നടത്തിയ ശേഷം ചാരനിറത്തിലുള്ള ഓഡി എ3യിലാണ് സംഘം രക്ഷപ്പെടുന്നത്. ഈ സംഭവങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പണം പരമാവധി കൈക്കലാക്കാന്‍ എത്തിയ മോഷ്ടാക്കള്‍ക്ക് ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് ശ്രദ്ധയുണ്ടായില്ലെന്ന് ജിഎംപി ട്രാഫോഡ് ബറോ ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഡാന്‍ ഹെയിസ് വ്യക്തമാക്കി. മോഷ്ടാക്കളുടെ ഭീഷണിയിലും അതിക്രമത്തിലും ഭയം വിട്ടുമാറാത്ത അവസ്ഥയിലാണ് ജീവനക്കാര്‍. ഇവര്‍ക്ക് ചെറിയ പരുക്ക് മാത്രമാണ് ഏറ്റതെന്നത് ഭാഗ്യമായി, പോലീസ് പറയുന്നു.
സ്റ്റോര്‍ തുറക്കുന്ന സമയത്താണ് സംഭവങ്ങള്‍. ഫൂട്ടേജില്‍ നിന്നും ആളുകള്‍ പ്രതികളെ തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മോഷ്ടിക്കാനെത്തുന്ന കവര്‍ച്ചക്കാര്‍ ജീവനക്കാരുടെ സുരക്ഷ പരിഗിണിച്ചില്ലെന്ന് പരാതി പറയുന്ന പോലീസിന്റെ അവസ്ഥ ആലോചിച്ചാല്‍ മതി കാര്യങ്ങള്‍ കിടപ്പ് എത്രത്തോളം പരിതാപകരമാണെന്ന് തിരിച്ചറിയാന്‍.