ലണ്ടനില്‍ അരങ്ങേറുന്ന ചോരക്കളിക്ക് അവസാനമില്ല. ഇന്നലെ 90 മിനിറ്റ് നീണ്ട കത്തിക്കുത്തിനൊടുവില്‍ ആറ് കൗമാരക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ നാല് പേര്‍ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട നാല് വ്യത്യസ്ത സംഭവങ്ങളിലാണ് കത്തിക്കുത്ത് നടന്നത്.
കൊലപാതകശ്രമത്തിന് ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്ത പോലീസ് മനഃപ്പൂര്‍വ്വം ഗുരുതരമായി പരുക്കേല്‍പ്പിച്ചതിന് മറ്റ് നാല് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൈല്‍ എന്‍ഡില്‍ പകല്‍ വെളിച്ചത്തിലാണ് അക്രമം അരങ്ങേറിയത്. ഇവിടെ രണ്ട് പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. റോമന്‍ റോഡ് ജംഗ്ഷനില്‍ വസ്ത്രങ്ങളും മറ്റുള്ളവയും തെരുവില്‍ ഉപേക്ഷിച്ച നിലയിലാണ്. ഇവിടം പോലീസ് അന്വേഷണത്തിനായി മറച്ചിരിക്കുകയാണ്.
2010-ന് ശേഷം തോക്കും, കത്തിയും ഉപയോഗിച്ചുള്ള അക്രമണങ്ങളുടെ തലസ്ഥാനമായി ലണ്ടന്‍ മാറിയിരിക്കുകയാണ്. ജനുവരി മുതല്‍ ഇതുവരെ ലണ്ടനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. കഴിഞ്ഞ രണ്ടാഴ്ച മാത്രം കൊല്ലപ്പെട്ടത് 13 പേര്‍. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമണങ്ങള്‍ പ്രധാന കാരണമെന്ന് ടോട്ടന്‍ഹാം ലേബര്‍ എംപി ഡേവിഡ് ലാമി വ്യക്തമാക്കി. പിസ ഓര്‍ഡര്‍ ചെയ്യുന്നത് പോലെ മയക്കുമരുന്ന് വാങ്ങാന്‍ കഴിയുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസിന് മയക്കുമരുന്ന് വില്‍പ്പന തടയാന്‍ കഴിയുന്നില്ലെന്ന് എംപി ആരോപിച്ചു. ഇന്നലെ വൈകുന്നേരം 5.30നാണ് ഈസ്റ്റ് ഇന്ത്യ ഡോക്കില്‍ ഒരു കൗമാരക്കാന് ആദ്യം കുത്തേറ്റത്. ഇതിന് ശേഷം മൈല്‍ എന്‍ഡില്‍ മൂന്ന് കൗമാര്‍ക്കാക്ക് കുത്തേറ്റു. 6.57ന് ഒരു 13-കാരനെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ മാരകമായി പരുക്കേല്‍പ്പിച്ചത്.
എട്ട് മിനിറ്റിന് ശേഷം ഈലിംഗ് ബ്രോഡ്‌വേയില്‍ ആളുകള്‍ നോക്കിനില്‍ക്കവെയാണ് ഒരു കൗമാരക്കാരന് കുത്തേറ്റത്. നാല് പേരുടെ നില ഗുരുതരമാണെന്ന് മെറ്റ് പോലീസ് വ്യക്തമാക്കി.