സ്ഥിരം മോഷ്ടാവിന്റെ മരണത്തില്‍ കലാശിച്ച അടിപിടിയില്‍ അറസ്റ്റിലായ വീട്ടുടമയ്‌ക്കെതിരെ കേസെടുക്കാതെ വെറുതെവിട്ട് പോലീസ്. വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ 37-കാരനായ ഹെന്‍ട്രി വിന്‍സെന്റിനെയാണ് പിടിവലിക്കിടയില്‍ 78 വയസ്സുള്ള റിച്ചാര്‍ഡ് ഓസ്‌ബോണ്‍ ബ്രൂക്‌സ് പരുക്കേല്‍പ്പിച്ചത്. സൗത്ത് ഈസ്റ്റ് ലണ്ടനില്‍ വെച്ച് ഏറ്റ ഗുരുതരമായ പരുക്ക് ഒടുവില്‍ മോഷ്ടാവിന്റെ ജീവനെടുത്തതോടെയാണ് കൊലപാതകം നടത്തിയെന്ന് ആരോപിച്ച് ബ്രൂക്‌സിനെ അറസ്റ്റ് ചെയ്തത്. സ്വന്തം വീട് സംരക്ഷിച്ചതിന് പെന്‍ഷണറെ അറസ്റ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു.
ജനരോഷം ഉയര്‍ന്ന സാഹചര്യത്തില്‍ മെറ്റ് പോലീസും, ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസും നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കുറ്റം ചുമത്തേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചത്.
ബ്രൂക്‌സിനെതിരെ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇദ്ദേഹത്തിന്റെ ജീവന് ഇനി കനത്ത ഭീഷണി ഉണ്ടാകുമെന്ന ആശങ്കയിലാണ് പോലീസ്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീടിന് ചുറ്റുമുള്ള തെരുവുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ബ്രൂക്‌സിന് നേരെ അതിക്രമം ഉണ്ടായേക്കാമെന്നാണ് ആശങ്ക. കൊല്ലപ്പെട്ട വിന്‍സെന്റിന്റെ കുടുംബത്തോട് കേസുമായി മുന്നോട്ട് പോകാത്തതിന്റെ വിശദവിവരങ്ങള്‍ ഓഫീസര്‍മാര്‍ അറിയിച്ച് കഴിഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് സിപിഎസിന്റെ ഉപദേശം തേടിയത്. ഇതനുസരിച്ചാണ് ബ്രൂക്‌സിനെതിരെയുള്ള തുടര്‍നടപടികള്‍ ഒഴിവാക്കുന്നതെന്നും ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ സൈമണ്‍ ഹാര്‍ഡിംഗ് വ്യക്തമാക്കി. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വിവിധ ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും പോലീസ് & ക്രിമിനല്‍ എവിഡന്‍സ് ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുക മാത്രമാണ് പോലീസ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമത്തിനിടെ ഒരു കള്ളന് പരുക്കേറ്റതായി പോലീസിന് വിവരം ലഭിക്കുന്നത്.
ബ്രൂക്‌സിന് പുറമെ വികലാംഗയായ ഭാര്യ മൗറീനും വീട്ടില്‍ ഉറങ്ങുമ്പോഴാണ് രണ്ട് മോഷ്ടാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കടക്കുന്നതും, പിടിവലിയില്‍ വിന്‍സെന്റ് കൊല്ലപ്പെടുന്നതും. സുരക്ഷാ ഭീഷണി പരിഗണിച്ച് വീടിന്റെ ജനലും വാതിലും വരെ ഗ്രില്‍ ഉറപ്പിച്ചിരിക്കുകയാണ്.