ലണ്ടനിലെ റിച്ച്മണ്ടില്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിലേക്ക് തന്റെ കാര്‍ ഇടിച്ച് കയറ്റുമ്പോള്‍ ടിവി സെലിബ്രിറ്റി ആന്റ് മക്പാര്‍ട്‌ലിന് തലയ്ക്ക് വെളിവുണ്ടായില്ലെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി. അപകടത്തിന് ശേഷം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുമ്പോള്‍ നടത്തിയ ബ്രത്ത് അനലൈസര്‍ പരിശോധനയില്‍ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് ഇരട്ടിയിലധികം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. നിയമപരമായ പരിധി 35എംജി ആണെന്നിരിക്കെ അവതാരകന്റെ പരിശോധനയില്‍ ഇത് 100എംഎല്‍ ശ്വാസത്തില്‍ 75എംജി ആല്‍ക്കഹോളായിരുന്നു.
മാര്‍ച്ച് 18 ഞായറാഴ്ചയാണ് സൗത്ത് വെസ്റ്റ് ലണ്ടനിലെ റിച്ച്മണ്ടില്‍ രണ്ട് വാഹനങ്ങളില്‍ താരത്തിന്റെ കാര്‍ ഇടിച്ചത്. ഇന്ത്യന്‍ റെസ്‌റ്റൊറന്റ് ഉടമകളായ ദമ്പതികള്‍ നാല് വയസ്സുള്ള മകള്‍ക്കൊപ്പം സഞ്ചരിക്കവെയായിരുന്നു എതിര്‍ദിശയില്‍ നിന്നും നിന്ത്രണം വിട്ട് ആന്റ് എത്തുന്നത്. ഈ പെണ്‍കുഞ്ഞിന് പിന്നീട് ആശുപത്രിയില്‍ ചികിത്സ ആവശ്യമായി വന്നു. കഴിഞ്ഞ ആഴ്ച ഈ കേസില്‍ വിംബിള്‍ഡണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അവതാരകന്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ കേസ് പിന്നീട് മാറ്റിവെച്ചു.
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ്ജ്ഷീറ്റില്‍ താരത്തിനെതിരെയുള്ള കുറ്റങ്ങള്‍ ഇപ്രകാരമാണ്: 'ഒരു ബ്ലാക്ക് മിനി വാഹനം ഓടിച്ച താരം അപകടമുണ്ടാക്കി. അനുവദനീയമായ അളവ് മറികടന്ന് ഇരട്ടിയാണ് ആല്‍ക്കഹോളിന്റെ രക്തത്തിലെ അളവ്'. ഈ കേസില്‍ ആന്റിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ ആറ് മാസം തടവും, പിഴയും, ഡ്രൈവിംഗ് ബാനുമാണ്. നിലവില്‍ ഐടിവിയില്‍ അവതരിപ്പിച്ചിരുന്ന സാറ്റര്‍ഡേ നൈറ്റ് ടേക്ക്എവേ എന്ന പരിപാടി ആന്റിന്റെ അറസ്റ്റോടെ സഹഅവതാരകന്‍ ഡെക്ലാന്‍ ഡോണെല്ലി ഒറ്റയ്ക്കാണ് കൈകാര്യം ചെയ്യുന്നത്.
രണ്ടിരട്ടി പണിയെടുക്കുന്നുവെന്നാണ് ഇതേക്കുറിച്ച് ഡോണെലി പരിപാടിയില്‍ തമാശ പറഞ്ഞത്. വിവാദത്തില്‍ അകപ്പെട്ടതിനാല്‍ പരിപാടി വന്‍ വിജയവുമായി. എന്നാല്‍ ഭാഗ്യത്തിന്റെ അംശം കൊണ്ട് മാത്രം ഇന്ത്യന്‍ കുടുംബം രക്ഷപ്പെട്ടപ്പോള്‍ താരത്തെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ചാനല്‍.