CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 2 Seconds Ago
Breaking Now

കത്തിക്കുത്ത് ക്രോയ്ഡണിലേക്കും വ്യാപിക്കുന്നു; 90 മിനിറ്റില്‍ 6 പേര്‍ക്ക് കുത്തേറ്റ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഷോപ്പിംഗ് സെന്ററില്‍ രണ്ട് യുവാക്കളുടെ ദേഹത്തും കത്തി കയറി; ഒരു അറസ്റ്റ് പോലും ഇല്ലാതെ പോലീസ് ഇളിഭ്യരായി

അക്രമണങ്ങള്‍ക്ക് മയക്കുമരുന്ന് ബന്ധം; തടയിടാതെ പോലീസ്‌

ലണ്ടന്‍ പോലീസ് ഇതില്‍ കൂടുതല്‍ പരിഹാസ്യരാകാന്‍ തരമില്ല. ഇരുട്ടിന്റെ മറവില്‍ നിന്നും പകല്‍ വെളിച്ചത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടും പ്രതികളെ ഒന്ന് തൊടാന്‍ പോലും കഴിയാതെ വന്നാല്‍ പോലീസുകാരുടെ അവസ്ഥ നാണക്കേടല്ലാതെ മറ്റെന്താണ്? ലണ്ടന്‍ തെരുവുകളെ കീഴടക്കുന്ന കത്തി അക്രമണങ്ങളുടെ തിര വ്യാപിക്കുമ്പോള്‍ ക്രോയ്ഡണില്‍ രണ്ട് കൗമാരക്കാര്‍ക്കാണ് ഇന്നലെ കുത്തേറ്റത്. വൈകുന്നേരം അഞ്ച് മണിക്കാണ് വൈറ്റ്ഗിഫ്റ്റ് ഷോപ്പിംഗ് സെന്ററില്‍ അക്രമണം നടന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. 

പോലീസ് സ്ഥലത്തെത്തുമ്പോള്‍ 20-കളില്‍ പ്രായമുള്ള ഒരു കൗമാരക്കാരനും, 16 വയസ്സുകാരനുമാണ് കത്തി അക്രമണത്തില്‍ ഇവിടെ പരുക്കേറ്റ് കിടന്നിരുന്നത്. ഇരുവരെയും പോലീസ് ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. ഇതുവരെ അറസ്റ്റുകളൊന്നും നടന്നിട്ടില്ല. സംഭവം ഒരു ഷോപ്പിംഗ് സെന്ററില്‍ നടന്നിട്ടും പ്രതികളെക്കുറിച്ച് പോലീസിന് യാതൊരു വിവരമില്ലെന്നതും ഞെട്ടിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം 90 മിനിറ്റില്‍ ആറ് പേര്‍ക്ക് പരുക്കേറ്റ സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് അക്രമ പരമ്പര തുടരുന്നത്. 

കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അക്രമങ്ങള്‍ ഇനിയും നടത്തുമെന്ന് വ്യക്തമാക്കി ഗുണ്ടാ സംഘങ്ങള്‍ ഓണ്‍ലൈനില്‍ മാരകായുധങ്ങള്‍ കാണിച്ചുള്ള ഭീഷണി മറുവശത്ത് തുടരുകയാണ്. ലണ്ടനിലെ സുരക്ഷാപ്രശ്‌നങ്ങള്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ലണ്ടന്‍ മേയര്‍ക്ക് സെല്‍ഫി എടുക്കാന്‍ മാത്രമാണ് സമയമുള്ളതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. സംഭവസ്ഥലത്തോ പരുക്കേറ്റവരെയോ സന്ദര്‍ശിക്കാന്‍ സാദിഖ് ഖാന്‍ തയ്യാറായിട്ടുമില്ല. ഇതിനിടെ അക്രമം അവസാനിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ സന്ദേശമാണ് ഖാന്‍ പുറത്തുവിട്ടിരിക്കുന്നത്. 

മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് അക്രമങ്ങള്‍ അരങ്ങേറുന്നതെന്ന് വ്യക്തമായിട്ടും ഇതിന് തടയിടാന്‍ ആവശ്യമായ ഫലപ്രദമായ നീക്കങ്ങള്‍ നടത്തുന്നില്ലെന്നതാണ് ജനരോഷത്തിന് ഇടയാക്കുന്നത്. ലേബര്‍ ഭരിക്കുന്ന ലണ്ടന്‍ നഗരത്തിലെ സ്ഥിതിഗതികളെ ലേബര്‍ എംപിമാര്‍ തന്നെ വിമര്‍ശിക്കുന്ന സാഹചര്യവുമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.